ന്യൂഡൽഹി ; ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും.അടുത്ത ആഴ്ച്ചയാകും സത്യപ്രതിജ്ഞ . ഇത് സംബന്ധിച്ച ഹൈക്കമാൻഡ് പ്രഖ്യാപനം അടുത്ത ആഴ്ച്ച ഉണ്ടാകുമെന്നാണ് സൂചന .നിലവിൽ കർണാടക സർക്കാരിൽ ഉപമുഖ്യമന്ത്രിയും, പിസിസി അധ്യക്ഷനുമാണ് ഡി കെ ശിവകുമാർ.
ഹൈക്കമാൻഡ് തീരുമാനത്തിന് അനുകൂലമായി സിദ്ധരാമയ്യ സ്ഥാനമൊഴിയും . സ്ഥാനമൊഴിയുന്നതിന് സിദ്ധരാമയ്യ ചില വിലപേശലുകളും നടത്തിയിട്ടുണ്ട്. ഡൽഹിയിൽ ഉന്നത സ്ഥാനവും ഉത്തരവാദിത്തങ്ങളും, രാജ്യസഭാ സീറ്റുമൊക്കെയാണ് പരിഗണനയിൽ . ഇതിനെ കുറിച്ച് സിദ്ധരാമയ്യ തന്റെ അനുയായികളുമായി ചർച്ച നടത്തും .
തങ്ങളുടെ നേതാവ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാലും , സർക്കാരിലും, പാർട്ടിയിലും ഡികെയ്ക്ക് പൂർണ്ണനിയന്ത്രണം ലഭിക്കരുതെന്ന തന്ത്രം മെനയുകയാണ് സിദ്ധരാമയ്യ അനുകൂലികൾ . അധികാരസമവാക്യം നിലനിർത്താൻ ശിവകുമാറിന് കീഴിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നും സിദ്ധരാമയ്യയോട് അനുയായികൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ എന്ന രീതിയോട് ശിവകുമാറിന് താല്പര്യമില്ല .
പുതിയ കർണാടക കോൺഗ്രസ് അധ്യക്ഷനും തങ്ങളുടെ ക്യാമ്പിൽ പെട്ടയാളാകണമെന്ന് സിദ്ധരാമയ്യ പക്ഷം ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഇത്തരത്തിലുള്ള ആവശ്യങ്ങൾ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

