കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനും,പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിനീഷ് കോടിയേരി. ‘ മുഖ്യമന്ത്രി ശ്രീ വിഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ED റെയ്ഡ് ‘ എന്നാണ് ഒരു പോസ്റ്റിൽ പറയുന്നത് .
മറ്റൊരു പോസ്റ്റിൽ ‘ പിണറായിടെ വിട്ടിൽ റെയ്ഡ് നടത്തിയിട്ടു ഒരു കാര്യവും ഇല്ല. മടിയിൽ കനമില്ലാത്ത സഖാവ് പിണറായി വിജയൻ മരണം വരെ CPIM ആയിരിക്കും. വല്ല കോൺഗ്രസ്സുകാരൻ്റേയും വീട്ടിൽ പോയി റെയ്ഡ് നടത്തിയാൽ ഇഡി പോരുന്നവഴി ബിജെപിയ്ക്ക് ഒരു നേതാവിനെ കിട്ടും ‘ എന്നാണ് പറയുന്നത്.
പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട കേസിൽ ഇ ഡി അന്വേഷണം റദ്ദാക്കണമെന്ന സി എം ആർ എല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് റെയ്ഡ് . സി എം ആർ എൽ ഉദ്യോഗസ്ഥരും ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടി വരും .
കൈക്കൂലി , കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച് സി എം ആർ എല്ലിനെതിരെ ഉയർന്ന ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത് . പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുളള ഐടി കമ്പനിയായ എക്സലോജിക് എന്ന സ്ഥാപനത്തിന് സി എം ആർ എൽ നിയമവിരുദ്ധമായി വൻ തുക നൽകിയെന്നാണ് ആരോപണം.

