ബെംഗളൂരു ; കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് ജീവനൊടുക്കി. ഐ ടി റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലെ കോർപ്പറേറ്റ് ഓഫീസിൽ വച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.ഉച്ചയ്ക്കാണ് അദ്ദേഹം എത്തിയത് . റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി ഓഫീസ് റൂമിലേയ്ക്ക് പോയതാണ് റോയി. അതിനു പിന്നാലെ വെടിയൊച്ച കേൾക്കുകയായിരുന്നു.
ഓടിയെത്തിയ ജീവനക്കാർ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോയിയുടെ തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബിസിനസ് സമ്മർദ്ദമാണോ, മറ്റെന്തെങ്കിലും കാരണമാണോ മരണത്തിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമല്ല .സംഭവത്തിൽ ബെംഗളൂരു സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
സിനിമ നിർമാതാവ് കൂടിയാണ് റോയി . സ്ഥാപനങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിശോധനകൾ നടന്നുവരികയായിരുന്നു . കൊച്ചി ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയും റോയിയെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിനെ കുറിച്ച് പോലും റോയിയ്ക്ക് സൂചനകൾ ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.സ്വയരക്ഷയ്ക്ക് വേണ്ടി റോയി കയ്യിൽ കരുതിയിരുന്ന റിവോൾവർ വച്ചാണ് വെടിയുതിർത്തത് . സ്ഥാപനങ്ങളിൽ കുറച്ചുദിവസങ്ങളായി പരിശോധനകൾ നടന്നുവരികയായിരുന്നു. ഇതിൽ അദ്ദേഹം മാനസിക സമ്മർദത്തിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാർ പറയുന്നു. പോലീസ് ജീവനക്കാരെ ചോദ്യംചെയ്ത് വരികയാണ്.
റോയിയ്ക്കെതിരായ നടപടികൾ ആരംഭിച്ചത് ഒന്നരമാസം മുൻപാണ് . നാലു ബിൽഡേഴ്സുമായി ബന്ധപ്പെട്ട റെയ്ഡിന്റെ ഭാഗമായിരുന്നു ഇന്ന് നടന്നത് . കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത് . കഴിഞ്ഞ ഡിസംബറിൽ ബംഗ്ലൂരുവിലെ ചില ബിൽഡർമാരുടെ ഓഫീസുകളിലും, വീടുകളിലും റെയ്ഡ് നടന്നിരുന്നു . കർണാടകയിലെ രാഷ്ട്രീയമേഖലയിലുള്ള ചിലരുടെ കള്ളപ്പണം ഈ ബിൽഡർമാർ വഴി വന്നിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് . അന്ന് ഈ ഓഫീസിലും റെയ്ഡ് നടന്നിരുന്നു . എന്നാൽ അന്ന് റോയി നാട്ടിൽ ഉണ്ടായിരുന്നില്ല .വിദേശത്തായിരുന്ന റോയിയോട് ഇന്ന് ഹാജരാകാൻ ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നുവെന്നാണ് സൂചന .
സിനിമ നിർമാതാവ് കൂടിയായ റോയ് റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളിലൂടെയാണ് വ്യവസായ രംഗത്ത് പ്രശസ്തനാവുന്നത്. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയിൻമെന്റ്, റീട്ടെയിൽ രംഗങ്ങളിലും പ്രവർത്തനമണ്ഡലം വ്യാപിപ്പിച്ചിരുന്നു. ഭാര്യ ലിനി റോയ്. മക്കൾ: രോഹിത്, റിയ.

