ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിനെ പറ്റിയുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഖാർഗെയ്ക്കെതിരെ ഇന്ന് ബിജെപി രാജ്യമെമ്പാടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബീഹാറിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീകൃഷ്ണസിംഗിന്റെ ജന്മാവാർഷികത്തിൽ നടത്തിയ പരിപാടിയ്ക്കിടെ ‘ മോദിയുടെ അച്ഛൻ വരെ തോൽക്കും ‘ എന്നായിരുന്നു ഖാർഗെയുടെ പരാമർശം.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച ഖാർഗെ നിരുപാധികം മാപ്പ് പറയണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. രാഷ്ട്രീയ വ്യത്യസങ്ങളാകാം , എന്നാൽ അത് വ്യക്തിപരമായ അധിക്ഷേപമായി മാറരുതെന്നും ബിജെപി പറയുന്നു. ഖാർഗെയ്ക്കെതിരെ ഇന്ന് രാജ്യമെമ്പാടും ബിജെപി പ്രവർത്തകർ നിരത്തിലിറങ്ങും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബിജെപി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. പട്നയിൽ ബിജെപി സംസ്ഥാന ഓഫീസിൽ നിന്ന് പ്രതിഷേധ മാർച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്യും.
കോൺഗ്രസിന്റെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തമാണിതെന്നാണ് ബിജെപിയുടെ വിമർശനം. കോൺഗ്രസ് ഇപ്പോൾ രാഷ്ട്രീയപാർട്ടിയേക്കാൾ മാഫിയ സംഘം എന്ന് പറയുന്നതാണ് ഉചിതം. രാജ്യത്തെ ജനങ്ങൾ കോൺഗ്രസിന്റെ ഈ നീചമായ രാഷ്ട്രീയം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സമയം വരുമ്പോൾ കൃത്യമായി പ്രതികരിക്കുമെന്നും ബിജെപി അധ്യക്ഷൻ നിതിൻ നബീൻ പറഞ്ഞു.അതേസമയം ഖാർഗെയ്ക്കെതിരെ പാട്ന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

