പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയാണെന്ന് നാട്ടുകാർ . 2019-ൽ സജിതയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലാകുന്നതിന് മുമ്പ്, തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ പല്ലടം പോലീസ് സ്റ്റേഷന് സമീപം ഒരു കുട്ടിയ്ക്ക് നേരെ ട്രക്ക് ഇടിച്ചുകയറ്റിയതിന് ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.
പ്രണയവിവാഹമായിരുന്നു ചെന്താമരയുടേത് . ആദ്യം നെല്ലിച്ചോടിൽ സ്ഥിരതാമസമാക്കിയ ശേഷം ഭാര്യ വിലാസിനിക്കൊപ്പം പോത്തുണ്ടിയിലെ ഒരു ചെറിയ കോളനിയിലേക്ക് താമസം മാറി.‘ ഞങ്ങളുടെ ഗ്രാമത്തിലെ ഒരു മനോരോഗിയാണ് ചെന്താമര. മന്ത്രവാദത്തെക്കുറിച്ചും ‘ചാത്തൻ’ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും അയാൾ ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങൾ ബുദ്ധിപൂർവ്വം സംസാരിക്കാൻ ശ്രമിച്ചാൽ ഞങ്ങളെ ഓടീച്ചുവിടുമായിരുന്നു,” പോത്തുണ്ടി നിവാസിയായ മനു പറഞ്ഞു.
ചെന്താമര ഒറ്റയ്ക്കാണ് കൃത്യം ചെയ്തത് , ഞങ്ങൾക്ക് മറ്റ് ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല,” അന്വേഷണ സംഘത്തിന്റെ ഭാഗമായ ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ പറഞ്ഞു.
ഒരിക്കൽ ചെന്താമര പോത്തുണ്ടി ജംഗ്ഷനിലെ ഒരു കടയിലേക്ക് ഒരു ഇരുമ്പ് ദണ്ഡുമായി നടന്നുവന്നു. പന്തികേട് തോന്നിയപ്പോൾ എന്തിനാണ് ഇരുമ്പ് ദണ്ഡുമായി നിൽക്കുന്നതെന്ന് ചോദിച്ച നാട്ടുകാരോട് ഒരു സ്വകാര്യ ബസിലെ ജീവനക്കാരൻ തന്റെ മകളോട് സംസാരിക്കുന്നുണ്ടെന്നും, അവളെ പ്രേമിക്കുന്നതായും, താൻ അവനെ തീർക്കുമെന്നുമാണ് ചെന്താമര പറഞ്ഞത്. തുടർന്ന് നാട്ടുകാരിൽ ചിലർ ഉടൻ തന്നെ ബസ് ഉടമയെ വിളിച്ച് വിവരം പറയുകയും ബസ് പോത്തുണ്ടി ജംഗ്ഷൻ എത്തുന്നതിനുമുമ്പ് ഇറങ്ങാൻ പറയുകയും ചെയ്തു. അതുകൊണ്ട് മാത്രമാണ് അന്ന് ആ ചെറുപ്പക്കാരൻ രക്ഷപെട്ടതെന്നും നാട്ടുകാർ പറയുന്നു.
ആരെങ്കിലും പുതിയ വസ്ത്രം ധരിച്ച് തന്റെ വീടിനടുത്തുകൂടി നടന്നാൽ, ഇനി ഇത് ചെയ്യരുതെന്ന് അയാൾ താക്കീത് ചെയ്യുമായിരുന്നു. ആളുകൾ തനിക്കെതിരെ ഗൂഢാലോചന നടത്തുകയും തനിക്കെതിരെ മന്ത്രവാദം നടത്തുകയും ചെയ്യുന്നുവെന്ന് അയാൾ വിശ്വസിച്ചിരുന്നുവെന്നും നാട്ടുകാർ പറയുന്നു.