ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ . വിദേശകാര്യമന്ത്രാലയത്തിന്റേതാണ് നടപടി . കാരണം വ്യക്തമാക്കാതെയാണ് അനുമതി നിഷേധിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
പല ഘട്ടങ്ങളിലായി നടത്താനിരുന്ന യാത്രയ്ക്ക് അനുമതി നിഷേധിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയോടൊപ്പം യുഎഇയ്ക്ക് യാത്രയ്ക്ക് പോകാൻ തയ്യാറെടുത്തിരുന്നു.
ഒക്ടോബർ 16 ന് ബഹ്റൈനിൽ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം . അന്ന് വൈകുന്നേരം ബഹ്റൈൻ കേരളീയ സമാജത്തിൽ പൊതു പരിപാടിയിൽ പിണറായി പങ്കെടുത്താനും തീരുമാനിച്ചിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ സംരംഭങ്ങളും പ്രവാസികൾക്കായുള്ള പുതിയ പദ്ധതികളും ചർച്ചയാക്കുക. നോർക്ക, മലയാളം മിഷൻ പരിപാടികളിൽ പങ്കെടുക്കുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകാനായിരുന്നു പദ്ധതി. ഒക്ടോബർ 17, 18, 19 തീയതികളിൽ ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ പൊതുപരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഒക്ടോബർ 24, 25 തീയതികളിൽ മസ്കറ്റിലും ഒമാനിലെ സലാലയിലും യോഗങ്ങൾ നിശ്ചയിച്ചിരുന്നു.

