തിരുവനന്തപുരം : സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെതിരെ രാജ്ഭവന് റിപ്പോർട്ട് നൽകി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ . പരിപാടി വൈകിയതും അവസാന നിമിഷം റദ്ദാക്കിയതും സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട ഗവർണർ ആർ.വി. ആർലേക്കറുടെ നിർദ്ദേശത്തെ തുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
രജിസ്ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിച്ചുവെന്നും ഗവർണറുടെ പരിപാടിയിൽ പങ്കെടുക്കുന്നത് മനഃപൂർവ്വം തടയാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അനുമതി റദ്ദാക്കുന്നതിന് സാധുവായ ഒരു കാരണവുമില്ലെന്നും ഗവർണർ വേദിയിലെത്തിയതിനുശേഷം മാത്രമാണ് റദ്ദാക്കൽ ഇമെയിൽ രാജ്ഭവന് അയച്ചതെന്നും ചൂണ്ടിക്കാണിക്കുന്നു. വൈസ് ചാൻസലർ ഉന്നതതല അന്വേഷണത്തിന് ശുപാർശ ചെയ്യുകയും രജിസ്ട്രാറോട് ഔപചാരിക വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ശ്രീ പത്മനാഭ സേവാ സമിതി സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്കിടെയാണ് പ്രശ്നം ഉണ്ടായത്.
ഭാരതാംബ ചിത്രത്തെ രജിസ്ട്രാർ എതിർത്തുവെന്ന് ആരോപിച്ച് സംഘാടകർ വൈസ് ചാൻസലർക്ക് പരാതി നൽകി . അത് മതപരമായ ചിഹ്നമല്ലെന്നും അവർ വ്യക്തമാക്കി – പരിപാടി റദ്ദാക്കിയതിനെക്കുറിച്ച് ഗവർണറെ തെറ്റായി അറിയിച്ചു. ഗവർണർ എത്തി 14 മിനിറ്റിനുശേഷം റദ്ദാക്കൽ ഇമെയിൽ ലഭിച്ചതായി അവർ പരാതിയിൽ പറയുന്നു. രജിസ്ട്രാർക്കെതിരെ സംഘാടകർ പോലീസിനെയും സമീപിച്ചിട്ടുണ്ട്.

