ചെന്നൈ : അയ്യപ്പൻ തന്ന ഭാഗ്യമായി കരുതിയാണ് താൻ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ പൂജയിൽ പങ്കെടുത്തതെന്ന് നടൻ ജയറാം . ഉണ്ണികൃഷ്ണൻ പോറ്റി തന്നിൽ നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ജയറാം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘ അയ്യപ്പന്റെ ഒരു രൂപ പോലും വാങ്ങിയാൽ ശിക്ഷിക്കപ്പെടും. അയ്യപ്പൻ എല്ലാം കാണുന്നുണ്ടെന്ന് നിങ്ങൾ അറിയണം. ഉണ്ണികൃഷ്ണൻ പോറ്റി എന്നോട് പണം ചോദിച്ചിട്ടില്ല . കഴിഞ്ഞ 45 വർഷമായി ശബരിമലയിൽ വരുന്ന ഒരു ഭക്തനാണ് ഞാൻ. മകരവിളക്കിന് ക്ഷേത്രത്തിൽ പോകുമ്പോൾ ഞാൻ പതിവായി കാണുന്ന മുഖങ്ങളാണ് ഉണ്ണിയും ഗോവർദ്ധനും. അയ്യപ്പൻ ക്ഷേത്രം പുതുക്കിപ്പണിയുകയാണെന്ന് അവർ എന്നോട് പറഞ്ഞിരുന്നു. അവർ അത് സ്പോൺസർ ചെയ്തു.
ക്ഷേത്രത്തിന്റെ നടയുടെ ഭാഗം സ്വർണ്ണം പൂശിയ ശേഷം, ശബരിമലയിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് മുമ്പ് ചങ്ങനാശ്ശേരിയിൽ പ്രാർത്ഥിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ ക്ഷേത്രത്തിന്റെ സ്വർണ്ണപ്പാളി പൂർണ്ണമായും സ്വർണ്ണം പൂശി ശബരിമലയിലേക്ക് കൊണ്ടുപോകുന്നു. ഇന്ന് ചെന്നൈയിൽ വെച്ച് ആദ്യ പൂജ നടത്താൻ അവർ എനിക്ക് അവസരം നൽകി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണിത്. ഇത് ഞാൻ ഒരിക്കലും മറക്കില്ല,’ എന്നും ജയറാം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ സ്വർണ്ണപ്പാളികൾ ബെംഗളൂരുവിലേക്ക് മാത്രമല്ല, ചെന്നൈയിലേക്കും കൊണ്ടുവന്ന് പ്രദർശിപ്പിച്ചിരുന്നുവെന്നാണ് സൂചന . 2019-ൽ നടന്ന ചടങ്ങിന്റെ ഭാഗമായി നടൻ ജയറാമും പൂജയിൽ പങ്കെടുത്തിരുന്നു. ഇതാണ് വിവാദമായത്.
അതേസമയം, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ ദേവസ്വം ബോർഡ് അവസാനിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസുമായുള്ള ഇടപാടും ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. ഇനി നേരിട്ട് ഇടപാടുകൾ നടത്താനാണ് തീരുമാനം . 2019 ൽ ചെന്നൈയിൽ സ്വർണ്ണം പൂശിയ ശേഷം, സ്മാർട്ട് ക്രിയേഷൻസ് വാറന്റി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലാണ് എഴുതിയത് . വാറന്റി 40 വർഷത്തേക്കാണ്. ഇത് ഉപേക്ഷിക്കുന്നതിലൂടെ ബോർഡിന് 18 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും.

