കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെ സസ്പെൻഡ് ചെയ്തു . . ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായയുടേതാണ് നടപടി. മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി ജയിൽ ഓഫീസർ രജീഷ്, അസിസ്റ്റന്റ് ജയിൽ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ജയിൽ ഡിജിപി പറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനത്തെ ജയിലുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് സുരക്ഷാ വീഴ്ചകൾക്ക് കാരണമാകുന്നതായി റിപ്പോർട്ടുകളുണ്ട്. കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ സ്ഥിതി ദയനീയമാണ്. ഓഫീസ് ജോലി, വീഡിയോ കോൺഫറൻസിംഗ്, മിനിസ്റ്റീരിയൽ ജോലി, നിർമ്മാണ യൂണിറ്റിലെ ജോലി, കോടതി യാത്ര എന്നിവയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ, സുരക്ഷാ, നിരീക്ഷണ ചുമതലകൾക്ക് ആരുമുണ്ടാകില്ല.
കണ്ണൂരിൽ ജയിൽ ചാട്ടത്തിന് എല്ലാ സാഹചര്യങ്ങളും ഗോവിന്ദച്ചാമിക്ക് അനുകൂലമായിരുന്നു. 24 മണിക്കൂറും നിരീക്ഷിക്കേണ്ട സിസിടിവി നോക്കാൻ ആരുമുണ്ടായിരുന്നില്ല. സെല്ലിനുള്ളിലെ പരിശോധനയും ശരിയായിരുന്നില്ല. കുഴപ്പക്കാരെ നിരന്തരം നിരീക്ഷിക്കാൻ പട്രോളിംഗ് നടത്തുന്നവർ 10 മണിക്കൂറിൽ കൂടുതൽ തുടരേണ്ടിവരുമ്പോൾ ഇടയ്ക്ക് ഇടവേളകൾ എടുക്കും. കേരളത്തിലെ ജയിലുകളിൽ 7367 തടവുകാരെ മാത്രമേ പാർപ്പിക്കാൻ കഴിയൂ. നിലവിൽ 10,375 പേരുണ്ട്.

