ഇസ്ലാമാബാദ് : 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധ സിഖ് ദേവാലയം തകർത്ത പാകിസ്ഥാനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം . പഞ്ചാബ് പ്രവിശ്യയിലെ ഫറൂഖാബാദിലെ ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭാ സാഹിബാണ് അക്രമികൾ തകർത്തത്.
വളരെ നിന്ദ്യവും ആദരണീയ ഗുരുദ്വാരയ്ക്കെതിരായ ലക്ഷ്യം വച്ചുള്ളതുമായ നശീകരണ പ്രവർത്തനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. . പ്രാദേശിക അധികാരികളും ഇവാക്വൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡും അർത്ഥവത്തായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമായ ആശങ്കയുണ്ടാക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സംഭവം സിഖ് സമൂഹത്തിലും പ്രതിഷേധത്തിന് കാരണമായി. പാകിസ്ഥാനിലെ സിഖ് ആക്ടിവിസ്റ്റുകളും പ്രദേശവാസികളും അക്രമത്തിനെതിരെ രംഗത്തെത്തിയതോടെ പൊലീസ് സ്ഥലം സീൽ ചെയ്തു. തകർത്ത കെട്ടിടഭാഗങ്ങൾ വീണ്ടും നിർമ്മിക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ സുരക്ഷ പാകിസ്ഥാൻ ഉറപ്പ് വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇതാദ്യത്തെ സംഭവമല്ല , നേരത്തെയും ഇത്തരത്തിലുള്ള പ്രവൃത്തികൾ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവും , അവരുടെ ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങളും പാകിസ്ഥാൻ തുടരുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഉള്ള ഗുരുദ്വാര ജൂൺ 24-നാണ് പ്രാദേശിക വ്യവസായി തകർത്തത്. രാത്രിയിലായിരുന്നു ഗുരുദ്വാര പൊളിച്ചുമാറ്റിയത്. ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള അനുമതി ഇല്ലാതെയാണ് ഈ പൊളിച്ചുമാറ്റൽ നടന്നതെന്നാണ് പാകിസ്ഥാൻ ഇതിനു നൽകുന്ന വിശദീകരണം.

