ന്യൂഡൽഹി : യുഎസ് – ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി . നാളെ മുതൽ ജൂലൈ 6 വരെ ടെഹ്റാനിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചതിനെത്തുടർന്നാണ് താൻ ഇറാനിലേയ്ക്ക് പോകുന്നതെന്ന് മുഫ്തി പറഞ്ഞു.
“ഇത് എനിക്ക് ഒരു വലിയ ബഹുമതിയാണ്, ഈ ക്ഷണം (ഇറാനിൽ നിന്ന്) ലഭിക്കുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരവുമാണ്. പരമോന്നത നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഞാൻ അവിടെ പോകും,” മെഹബൂബ മുഫ്തി പറഞ്ഞു.ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവിന്റെ ഓഫീസിലെ അന്താരാഷ്ട്ര ബന്ധ വകുപ്പ് ഡയറക്ടർ മൊഹ്സീൻ ഖുമ്മിയാണ് മുഫ്തിയെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചത് .
ഫെബ്രുവരി 28 ന് ഖമേനി കൊല്ലപ്പെട്ടുവെന്നും ദേശീയ ദുഃഖാചരണ കാലയളവിനും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രോട്ടോക്കോളുകൾക്കും അനുസൃതമായി ജൂലൈ 3 മുതൽ 6 വരെ ടെഹ്റാനിൽ ശവസംസ്കാര ചടങ്ങ് നടത്തുമെന്നും ഖുമ്മി മുഫ്തിയ്ക്ക് അയച്ച കത്തിൽ പറയുന്നു. ഇന്ത്യയിലെ കോൺഗ്രസ് , ബിജെപി നേതാക്കളെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

