ബെംഗളൂരു: ബെംഗളൂരു സൗത്ത് താലൂക്കിലെ ക്വാറിയിൽ ഗ്രാനൈറ്റ് പാറ ഇടിഞ്ഞുവീണ് എട്ട് തൊഴിലാളികൾ മരിച്ചു. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചവരിൽ ഏറെയുമെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരു അർബൻ, ബെംഗളൂരു സൗത്ത് ജില്ലയുടെ അതിർത്തിയിലുള്ള മാടപട്ടണയിൽ, പ്രവർത്തിക്കുന്ന ക്വാറിയിൽ ക്രഷർ സ്ഥലത്ത് തൊഴിലാളികൾ ഖനനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. തകർന്ന് വീണ പാറക്കെട്ടുകൾക്കടിയിൽ തൊഴിലാളികൾ കുടുങ്ങിയതായും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
രക്ഷാപ്രവർത്തകരും പോലീസും സ്ഥലത്തെത്തി . അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്ന കൂടുതൽ തൊഴിലാളികൾക്കുമായി തിരച്ചിൽ നടക്കുകയാണ്. ബിഹാറിൽ നിന്നും വടക്കൻ കർണാടകയിൽ നിന്നുമുള്ള 18 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്ന് ക്വാറിയിലെ തൊഴിലാളികളിൽ ഒരാൾ പറഞ്ഞു. ഏകദേശം 40 അടി ഉയരത്തിൽ നിന്നുള്ള വലിയ പാറയാണ് ഇവർക്ക് മേൽ പതിച്ചത്. സമീപത്തുണ്ടായിരുന്ന ലോഡിംഗ് വാഹനങ്ങൾ , ട്രാക്ടർ എന്നിവയും തകർന്നു.
ദുരന്തത്തിൽ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ദുഃഖം രേഖപ്പെടുത്തി, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ക്വാറി നടത്തിപ്പുകാരുടെ ഉത്തരവാദിത്തമാണെന്നും, സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ ക്വാറി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

