മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് ഉജ്ജ്വല വിജയം . 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു.എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രനായി വിജയിച്ച പി.വി. അൻവർ സീറ്റ് രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സി.പി.എം. സ്ഥാനാർത്ഥി എം. സ്വരാജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ നിന്ന് കോൺഗ്രസ് നേതാവ് കെ. ബാബുവിനോട് സ്വരാജ് നേരത്തെ പരാജയപ്പെട്ടിരുന്നു.
ആദ്യ എട്ട് റൗണ്ടുകളിലും ഷൗക്കത്ത് മുന്നിലായിരുന്നു. അതേസമയം, യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ കടന്നുകയറി. വോട്ടെണ്ണലിന്റെ ഒമ്പത് റൗണ്ടുകൾ കൂടി ബാക്കിയുണ്ട്. ഒൻപതാം റൗണ്ടിൽ മാത്രമാണ് സ്വരാജ് ലീഡ് നേടിയത്, 207 വോട്ടുകളുടെ നേരിയ മുൻതൂക്കമാണ് ഉണ്ടായത്.
അതേസമയം നിലമ്പൂരിലേത് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ആര്യാടൻ ഷൗക്കത്ത്. 9 വർഷമായി അവഗണിക്കപ്പെട്ട നിലമ്പൂരിലെ ജനങ്ങളുടെ വിജയമാണിത്. പിണറായി സർക്കാരിനെതിരായ ജനരോഷം നിലമ്പൂർ ഏറ്റെടുത്തു. സർക്കാരിനെതിരായ പ്രതിഷേധവും പ്രതികരണവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും ഷൗക്കത്ത് പറഞ്ഞു.

