വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ . ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് തടസം . ഇന്നലെ രാത്രി 7 മണിയോടെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഈ പ്രദേശത്ത് വലിയ പാറകളും മരങ്ങളും മണ്ണും ഇടിഞ്ഞുവീണു. ഇവ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് രണ്ടാമത്തെ മണ്ണിടിച്ചിൽ ഉണ്ടായത്. ഇവ പൂർണ്ണമായും നീക്കം ചെയ്താൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ.
ചുരത്തിലൂടെ ആംബുലൻസുകൾ മാത്രമാണ് കടത്തിവിടുന്നത്. ചുരത്തിനു പകരം വാഹനങ്ങൾ കടത്തിവിടുന്ന കുറ്റ്യാടി, നാടുകാണി, പെരിയ പാതകളിൽ വലിയ തിരക്ക് നിലവിൽ ഇല്ല . ആംബുലൻസുകൾ പോലുള്ള വാഹനങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകുന്നത്. പ്രദേശത്ത് നിന്ന് പാറകൾ നീക്കം ചെയ്യാൻ പോലീസും ഫയർഫോഴ്സും നാട്ടുകാരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. തുടർച്ചയായ മഴയും കനത്ത മൂടൽമഞ്ഞും പ്രതികൂലമാകുന്നുണ്ട് . രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കളക്ടറും ജനപ്രതിനിധികളും ഇവിടെ എത്തിയിരുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ കുഴപ്പങ്ങൾ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഏറെ വൈകിയും തടസ്സം നീക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല

