ന്യൂഡൽഹി: സിൽവർ ലൈനിന് ബദലായി മെട്രോമാൻ ഇ ശ്രീധരൻ നിർദ്ദേശിച്ച പദ്ധതി കേന്ദ്രം പരിഗണിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത് . കഴിഞ്ഞ ഫെബ്രുവരിയിൽ മെട്രോമാൻ ഇ ശ്രീധരൻ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചു.
ബദൽ പാതയെക്കുറിച്ചുള്ള നിലപാട് അറിയിക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇ ശ്രീധരൻ ഡൽഹിയിൽ കേന്ദ്രമന്ത്രിയെ കാണും. അതിനുശേഷം കേന്ദ്രം നിലപാട് അറിയിക്കും. തിരുവനന്തപുരം-കാസർകോട് റൂട്ടിൽ ഇരുപത് മിനിറ്റ് ഇടവേളകളിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കുന്ന പദ്ധതിയായിരുന്നു സിൽവർ ലൈൻ. പാരിസ്ഥിതികവും സാങ്കേതികവുമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം അനുമതി നൽകിയില്ല. ശ്രീധരന്റെ തിരുവനന്തപുരം-കണ്ണൂർ ബദൽ പാത സിൽവർ ലൈൻ പോലെ, സ്റ്റാൻഡേർഡ് ഗേജിൽ 200 കിലോമീറ്റർ വേഗതയിലുള്ളതാണ്.
30 കിലോമീറ്റർ ഇടവേളകളിൽ സ്റ്റേഷനുകളുണ്ട്. ഈ ബദൽ പദ്ധതിക്ക് ഒരു ലക്ഷം കോടിയിലധികം രൂപ ചിലവ് വരും. സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈനുമായി ഇത് യോജിക്കുന്നുമുണ്ട്. ഒരേയൊരു വ്യത്യാസം ഈ ബദൽ പദ്ധതിക്ക് പാതയുടെ വലിയൊരു ഭാഗം തൂണുകളിലും തുരങ്കങ്ങളിലുമായിരിക്കണം എന്നതാണ്.

