തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ഔദ്യോഗിക ഗുഡ്വിൽ അംബാസഡറായി നടൻ മോഹൻലാൽ. ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറാണ് ഇക്കാര്യം അറിയിച്ചത്.ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മോഹൻലാൽ യാതൊരുവിധ പ്രതിഫലവും വാങ്ങുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി
മോഹൻലാൽ അഭിനയിക്കുന്ന ബോധവൽക്കരണ വീഡിയോകളും പോസ്റ്ററുകളും ബസ്സുകളിലും സോഷ്യൽ മീഡിയയിലും സജീവമാകും. . ഇത് കെഎസ്ആർടിസിക്ക് വലിയ ഗുണം ചെയ്യുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
തിങ്കളാഴ്ച കെഎസ്ആർടിസി 13 കോടി രണ്ട് ലക്ഷം രൂപയെന്ന റെക്കോർഡ് പ്രതിദിന വരുമാനം നേടിയിരുന്നു. കെഎസ്ആർടിസിയെ തിരിച്ച് കൊണ്ടുവരുകയാണെന്ന് മന്ത്രി പറഞ്ഞു. പുതിയ വാഹനങ്ങളും പുതിയ പരിഷ്കാരങ്ങളും ഫലം ചെയ്തു. പെൻഷനും ശമ്പളവും ഇനി മുടങ്ങില്ലെന്നും ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബഡ്ജറ്റ് ടൂറിസത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ബിസിനസ് ക്ലാസ് ബസുകൾ ഉടൻ പുറത്തിറങ്ങും. 35 സീറ്റുള്ള രണ്ടു ബസുകൾ വാങ്ങും. തിരുവനന്തപുരം എറണാകുളം റൂട്ടിലാകും ഓടുക എന്നും അദ്ദേഹം അറിയിച്ചു.
വർദ്ധനവിന് കാരണം ശബരിമല മാത്രമല്ല . അല്ലാതെ തന്നെ കളക്ഷൻ വർദ്ധിച്ചിട്ടുണ്ട്. ശബരിമലയിൽ മണിക്കൂറിൽ 100 വാഹനങ്ങൾ സർവീസ് ചെയ്യുന്നുണ്ട്. റൂട്ടുകൾ ശാസ്ത്രീയമാക്കി. മാറ്റങ്ങളിൽ ജീവനക്കാരുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ മുഖ്യമന്ത്രി പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്നും അത് ഗുണം ചെയ്തെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു

