കൊല്ലം ; ലഹരിവസ്തുക്കൾ പിടിക്കാനെത്തിയ എക്സൈസ് സംഘത്തിനെ ആക്രമിച്ച നാലംഗസംഘം അറസ്റ്റിൽ. കരുനാഗപ്പള്ളി പന്മന പൊൻ വയൽ ഓഡിറ്റോറിയത്തിനടുത്ത് കായൽ തീരത്തോട് ചേർന്നുള്ള ഭാഗത്ത് രാത്രി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത് .
ചവറ സ്വദേശികളായ സിനാൻ, നിഹാസ്, അൽ അമീൻ, നിഹാർ എന്നിവരാണ് അറസ്റ്റിലായത്.ഒരു വനിതാ ഓഫീസർ ഉൾപ്പെടെ അഞ്ച് അംഗ എക്സൈസ് സംഘത്തെ ആക്രമിച്ചതിനും അവരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പന്മനയിലെ ബോട്ട് ജെട്ടിക്ക് സമീപം വ്യാപകമായ മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് എക്സൈസ് വകുപ്പിന് പരാതി ലഭിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വനിതാ ഓഫീസർ ഉൾപ്പെടെയുള്ള സംഘം പരിശോധനയ്ക്കായി സ്ഥലത്തെത്തി.
സ്ഥലത്തുണ്ടായിരുന്ന യുവാക്കളെ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. എക്സൈസ് സംഘം പോകാൻ ഒരുങ്ങുന്നതിനിടെ, രണ്ട് വാഹനങ്ങളിലായി നാല് പേർ എത്തി. ഉദ്യോഗസ്ഥർ അവരെ തടയാൻ ശ്രമിച്ചപ്പോൾ വാക്കുതർക്കം ഉണ്ടാകുകയും അത് ആക്രമണത്തിലേക്ക് നീങ്ങുകയുമായിരുന്നു.
സംഘർഷാവസ്ഥയെത്തുടർന്ന് എക്സൈസ് സംഘം പോലീസിനെ വിവരമറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി യുവാക്കളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ യുവാക്കളിൽ ഒരാൾ മുമ്പ് ഒരു ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചവറ പോലീസ് പറഞ്ഞു.

