തൃശൂർ: നിപ്പ വൈറസ് ലക്ഷണങ്ങളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 15 വയസ്സുകാരിയെ പ്രവേശിപ്പിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത് . പരിശോധനാ ഫലങ്ങൾ വന്ന ശേഷമേ രോഗബാധ സ്ഥിരീകരിക്കാനാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് നാല് പുതിയ നിപ്പ കേസുകൾ സ്ഥിരീകരിച്ചെങ്കിലും പരിഭ്രാന്തരാകരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. അതേസമയം, നിപ്പ ജാഗ്രതയുടെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള തന്റെ സ്ഥാപനം തുറന്ന കടയുടമയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. വൈറസ് പടരുമെന്ന ആശങ്കകൾക്കിടയിൽ പൊതുജനങ്ങൾ തങ്ങളുമായി സഹകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

