മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച മാരകമായ പുതിയ സിന്തറ്റിക് മയക്കുമരുന്ന് കടത്തിയ 21 കാരി പിടിയിൽ . യുകെയിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് ഷാർലറ്റ് മെയ് ലീയാണ് കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ അറസ്റ്റിലായത്.
ശ്രീലങ്കയിൽ 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത് . പശ്ചിമാഫ്രിക്കയിൽ നിർമ്മിക്കുന്ന പുതിയ മയക്കുമരുന്നായ “കുഷ്” നിറച്ച സ്യൂട്ട്കേസുകളാണ് പിടികൂടിയത്. ഈ മാരകമായ ലഹരി ഉപയോഗിച്ച് സിയറ ലിയോണിൽ മാത്രം 12 ഓളം പേരാണ് കൊല്ലപ്പെട്ടത് .
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, 3.3 മില്യൺ ഡോളർ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണിത് . എന്നാൽ ഇത് തന്റെ സ്യൂട്ട്കേസുകളിൽ വന്നത് എങ്ങനെയെന്ന് അറിയില്ലെന്നാണ് ലീ പറയുന്നത് . കൊളംബോയ്ക്ക് വടക്കുള്ള ഒരു ജയിലിലാണ് ലീ ഇപ്പോൾ കഴിയുന്നത്.
കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന് ശ്രീലങ്കൻ കസ്റ്റംസ് നാർക്കോട്ടിക് കൺട്രോൾ യൂണിറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

