വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിലേക്ക് സർവ്വപ്രതാപങ്ങളോടെയുള്ള ഡോണൾഡ് ട്രമ്പിന്റെ രണ്ടാം വരവ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് അത്ര നല്ല സൂചനകളല്ല നൽകുന്നത്. നേരെ മറിച്ച്, അമേരിക്കയുമായും സഖ്യകക്ഷികളുമായുമുള്ള ബന്ധം മെച്ചപ്പെടുത്താൻ കാത്തിരിക്കുന്ന ഇന്ത്യക്ക് ഇത് ശുഭസൂചനയാണ്.
കാനഡയുടെ കയറ്റുമതിയിൽ 75 ശതമാനവും പോകുന്നത് അമേരിക്കയിലേക്കാണ്. അമേരിക്കയുമായി നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾ വഷളാകാതെ നോക്കാൻ ട്രൂഡോയ്ക്ക് സാധിച്ചില്ലെങ്കിൽ കാനഡയെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരിക്കും.
കാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ കടുത്ത ഭരണവിരുദ്ധ വികാരമാണ് നിലവിലുള്ളത്. സാമ്പത്തിക വളർച്ച പിന്നോട്ടാകുന്നതും ദൈനംദിന ജീവിത ചിലവുകളിലെ വർദ്ധനയും പ്രതിസന്ധികളാണ്. ചൈനയുമായും ഇന്ത്യയുമായും ഒരേ സമയം തർക്കത്തിലാണ് എന്നതും ട്രൂഡോ സർക്കാരിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ ഇന്ത്യയാകട്ടെ, യുക്രെയ്ൻ യുദ്ധത്തിലടക്കം സ്വീകരിച്ച നിലപാടുകൾ അമേരിക്കയെയും സഖ്യകക്ഷികളെയും പിണക്കാത്ത തരത്തിലുള്ളതാണ്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ പുടിനോട് ആവർത്തിച്ച് ആവശ്യപ്പെടുന്നതും അമേരിക്ക സ്വാഗതം ചെയ്യുന്നു. അമേരിക്കയിലെയും കാനഡയിലെയും ഖാലിസ്ഥാൻവാദികളോട് ഇന്ത്യ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടും ശ്രദ്ധേയമാണ്. ഇസ്രയേൽ, ഹമാസ് പോരിൽ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടും അമേരിക്കക്ക് പഥ്യമാണ്.
അതേസമയം, ട്രമ്പും ട്രൂഡോയുമായി നേരത്തേ തന്നെ തർക്കങ്ങൾ നിലവിലുണ്ട്. കൊവിഡ് കാലത്ത് ട്രൂഡോയുടെ നയങ്ങളിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച ട്രമ്പ്, തീവ്ര ഇടതുപക്ഷ ഭ്രാന്തൻ എന്ന് ട്രൂഡോയെ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. 2018ൽ ക്യുബെക്കിൽ നടന്ന ജി7 ഉച്ചകോടിയിൽ നിന്നും ഇറങ്ങിപ്പോയ ട്രമ്പ്, ‘ദുർബലനും നുണയനുമായ ഭരണാധികാരി‘ എന്നാണ് ട്രൂഡോയെ വിശേഷിപ്പിച്ചത്.
ട്രമ്പിന്റെ നയങ്ങൾ പ്രായോഗികമാകുന്നതോടെ, കാനഡയുടെ ജിഡിപിയിൽ 1.7 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് അന്താരാഷ്ട്ര ഏജൻസികൾ പ്രവചിക്കുന്നു. 10 ശതമാനം താരിഫ് എന്ന ട്രമ്പിന്റെ പ്രഖ്യാപനം കാനഡയുടെ വാർഷിക വരുമാനത്തിൽ 0.9 ശതമാനത്തിന്റെ കുറവുണ്ടാക്കും. തൊഴിൽ ഉത്പാദനത്തിൽ 1 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നും കനേഡിയൻ ചേമ്പർ ഓഫ് കൊമേഴ്സ് മുന്നറിയിപ്പ് നൽകുന്നു.
2017ൽ ഒന്നാം ട്രമ്പ് ഭരണകൂടത്തിന്റെ കാലത്ത്, നോർത്ത് അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറിൽ പുനർവിചിന്തനം നടത്താൻ അമേരിക്ക തീരുമാനിച്ചിരുന്നു. വ്യാപാര പങ്കാളികൾ അമേരിക്കയെ ചൂഷണം ചെയ്യുന്നു എന്ന ട്രമ്പിന്റെ പ്രഖ്യാപനം കാനഡക്കും മെക്സിക്കോക്കും തിരിച്ചടിയായിരുന്നു. തുടർന്ന് നിലവിൽ വന്ന യുഎസ്- മെക്സിക്കോ- കാനഡ വ്യാപാര ഉടമ്പടിയിൽ, താൻ അധികാരത്തിൽ വന്നാൽ പുനരാലോചന നടത്തുമെന്ന് കഴിഞ്ഞ മാസം ട്രമ്പ് വ്യക്തമാക്കിയിരുന്നു.
നേരെ മറിച്ച് , ഡൊണാൾഡ് ട്രമ്പിന്റെ രണ്ടാമൂഴം ഇന്ത്യ ശുഭാപ്തിവിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. ട്രമ്പിന്റെ വിജയം ഉറപ്പായതോടെ, അദ്ദേഹത്തെ അഭിനന്ദിച്ച ആദ്യ പ്രമുഖ ഭരണാധികാരിയാണ് നരേന്ദ്ര മോദി. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഹൂസ്റ്റണിൽ നടന്ന റാലിയിൽ പരസ്പരം കൈകോർത്ത് നടക്കുന്ന തന്റെയും ട്രമ്പിന്റെയും ചിത്രങ്ങളും ഒപ്പം മോദി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വൈകാതെ തന്നെ മോദി ട്രമ്പിനെ ഫോണിൽ വിളിച്ചും അഭിനന്ദനം അറിയിച്ചിരുന്നു.
കാനഡയിലെ ഖാലിസ്ഥാൻ നേതാക്കളുടെ അജ്ഞാത വധങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ട്രൂഡോയുടെ വാദമാണ് അമേരിക്കയിലെ ബൈഡൻ സർക്കാരും ഏറ്റുപിടിച്ചിരുന്നത്. എന്നാൽ ഇന്ത്യ ഈ ആരോപണങ്ങൾ ആവർത്തിച്ച് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലെ ട്രമ്പിന്റെ മടങ്ങി വരവ് നിജ്ജർ വധത്തിൽ ഉൾപ്പെടെ കാനഡയുടെ വാദഗതികളെ ദുർബലമാക്കും എന്നാണ് കരുതപ്പെടുന്നത്.
ബൈഡൻ സർക്കാരിന്റെ ചൈനീസ് അനുകൂല വ്യാപാര നിലപാടിനും ട്രമ്പ് തിരശ്ശീലയിടും. ആപ്പിൾ ഉൾപ്പെടെയുള്ള അമേരിക്കൻ കമ്പനികൾ ചൈനയെ കൈവിട്ട് ഇന്ത്യയിൽ ചുവടുറപ്പിക്കുന്ന പ്രക്രിയകൾക്ക് ഇതോടെ ആക്കം കൂടും.
ചൈനയെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായി കാണുന്ന ട്രമ്പ്, ഇന്ത്യയെ ഏറ്റവും അടുത്ത നയതന്ത്ര പങ്കാളിയാക്കുന്ന നയമാണ് സ്വീകരിച്ച് പോരുന്നത്. എന്നാൽ ട്രമ്പിനോട് ഇന്ത്യ അടുക്കുന്നത്, മെച്ചപ്പെട്ട് വരുന്ന ഇന്ത്യ ചൈന ബന്ധത്തിന് ഭീഷണിയായേക്കും.
അതേസമയം, ഒന്നാം ട്രമ്പ് കാലഘട്ടത്തെ അപേക്ഷിച്ച് സാങ്കേതിക രംഗത്തും പ്രതിരോധ മേഖലയിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടാൻ സാദ്ധ്യത കാണുന്നില്ല. മോദിയെ ഏറ്റവും മാന്യനായ മനുഷ്യൻ എന്ന് വിശേഷിപ്പിക്കുമ്പോഴും, താരിഫ് വിഷയത്തിലെ ഇന്ത്യയുടെ കടുംപിടുത്തങ്ങളെ ട്രമ്പ് അടുത്തയിടെ വിമർശിച്ചിരുന്നു.
നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ചൈനയുമായി അമേരിക്ക വലിയ അകൽച്ചയിൽ എത്തിയതും ഇന്ത്യയുമായുള്ള ബന്ധം നാൾക്കുനാൾ ദൃഢമായതും ഒന്നാം ട്രമ്പ് ഭരണകൂടത്തിന്റെ കാലത്തെ സുപ്രധാന സംഭവങ്ങളായിരുന്നു. എന്നാൽ വിദേശ രാജ്യങ്ങൾക്ക് 20 ശതമാനം ഇറക്കുമതി താരിഫ് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയില്ലെങ്കിൽ, അത് 2028 ഓടെ ഇന്ത്യയുടെ ജിഡിപിയിൽ 0.1 ശതമാനത്തിന്റെ ഇടിവിന് കാരണമാകും. എന്നാൽ ചൈനയിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 60 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനും ട്രമ്പിന് പദ്ധതിയുണ്ട് എന്നത് ഇതിന്റെ മറുവശമാണ്.
ചൈനീസ് ഉത്പന്നങ്ങൾക്ക് വൻ തോതിൽ ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ട്രമ്പിന്റെ തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വാണിജ്യപരമായി ഗുണമാകും. എന്നാൽ, ഗുണനിലവാരം കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ ഇന്ത്യൻ വിപണിയിലേക്കുള്ള കുത്തൊഴുക്കിന് ഇത് കാരണമായേക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. അങ്ങനെ സംഭവിച്ചാൽ ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ ഇന്ത്യയും നിർബന്ധിതമാകും.