ധാക്ക : മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ പെട്രോൾ ബോംബാക്രമണം . ബുധനാഴ്ച ഡൽഹിയിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കൊപ്പം പത്രസമ്മേളനം നടത്തി മണിക്കൂറുകൾക്കകമാണ് ആക്രമണം ഉണ്ടായത്.
ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മഗുര നിയോജകമണ്ഡലത്തിലെ മുൻ പാർലമെന്റ് അംഗവുമാണ് ഷാക്കിബ് അൽ ഹസൻ. അദ്ദേഹത്തിന്റെ വീടിന് നേരെ ചില തീവ്ര ഗ്രൂപ്പുകൾ നിരവധി പെട്രോൾ ബോംബുകൾ എറിഞ്ഞതായാണ് റിപ്പോർട്ട്. രാത്രി 8:45 ഓടെയാണ് സംഭവം. വീടിന്റെ മിക്ക ഭാഗങ്ങളും തകർന്നു .
ഷാക്കിബ് അൽ ഹസന്റെ ബംഗ്ലാദേശിലെ മഗുര ജില്ലയിലുള്ള വീടാണ് അജ്ഞാതർ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നിരവധി കലാപകാരികൾ വീടിന് നേരെ ഇഷ്ടികകൾ എറിയുകയും ജനാലകൾ തകർക്കുകയും വീടിന് തീയിടാൻ പോലും ശ്രമിക്കുകയും ചെയ്തതായും മഗുര സദർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് അബ്ദുല്ല അൽ മാമുൻ പറഞ്ഞു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല . വീടിനു ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീന അന്നുമുതൽ ഇന്ത്യയിലാണ് താമസിക്കുന്നത്. സംഭവത്തെ ഷെയ്ഖ് ഹസീനയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി അധികൃതർ ഇതുവരെ ബന്ധിപ്പിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

