ഇസ്ലാമാബാദ്: തീവ്രവാദികൾ ബന്ദികളാക്കിയ 340-ലധികം ട്രെയിൻ യാത്രക്കാരെ 30 മണിക്കൂർ നീണ്ട പോരാട്ടത്തിനു ശേഷം മോചിപ്പിച്ചതായി പാകിസ്ഥാൻ സുരക്ഷാ സേന . 27 ഓഫ് ഡ്യൂട്ടി സൈനികരെ തീവ്രവാദികൾ വെടിവച്ചുകൊന്നതായും സ്ഥിരീകരിച്ചു. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിൽ നിന്നാണ് 450 ഓളം യാത്രക്കാരുമായി പാകിസ്ഥാൻ ട്രെയിൻ ബലൂച് ലിബറേഷൻ ആർമി തടഞ്ഞ് വച്ചത് .
“ഓപ്പറേഷനിൽ 346 ബന്ദികളെ മോചിപ്പിക്കുകയും 30-ലധികം തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു,” എന്നാൽ സൈനിക വക്താക്കളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞത്. കൊല്ലപ്പെട്ട 27 സൈനികരും ട്രെയിനിലെ യാത്രക്കാരായിരുന്നു.
ആക്രമണം നടന്ന് അല്പസമയത്തിനകം തന്നെ ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു . ട്രാക്കിൽ സ്ഫോടനം നടന്നതിന്റെയും , ഒളിത്താവളങ്ങളിൽ നിന്ന് ഡസൻ കണക്കിന് തീവ്രവാദികൾ ഉയർന്നുവരുന്നതിന്റെയും വീഡിയോയും അവർ പുറത്തുവിട്ടു.