ന്യൂഡൽഹി: അതിർത്തി ലംഘിക്കാനുള്ള ശ്രമത്തിനിടെ പാകിസ്താൻ സൈനികൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായി. രാജസ്ഥാനിലെ ഇന്ത്യ പാക് അതിർത്തിയിലാണ് സംഭവം. പാകിസ്താൻ അതിർത്തി രക്ഷാസേനയായ പാക് റേഞ്ചേഴ്സിലെ സൈനികനാണ് പിടിയിലായത് എന്നാണ് വിവരം.
ഒരാഴ്ച മുൻപ് അബദ്ധത്തിൽ അതിർത്തി കടന്ന ബി എസ് എഫ് ജവാന്റെ മോചനം നീളുന്നതിനിടെയാണ് പാക് സൈനികൻ ഇന്ത്യയിൽ പിടിയിലായിരിക്കുന്നത്. ബി എസ് എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായാണ് നിലവിൽ പാകിസ്താന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. ഉന്നതങ്ങളിൽ നിന്നുള്ള ഉത്തരവ് ലഭിച്ചാൽ മാത്രമേ ഷായെ മോചിപ്പിക്കാൻ കഴിയൂ എന്ന പല്ലവിയാണ് പാകിസ്താൻ ആവർത്തിക്കുന്നത്.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഇരുപക്ഷത്തും അതിർത്തിരക്ഷാ സൈനികർ പിടിയിലായിരിക്കുന്നത്. സൈനികരും സാധാരണക്കാരും അബദ്ധത്തിൽ അതിർത്തി കടക്കുന്നത് സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളിൽ വ്യവസ്ഥാപിത നടപടിക്രമങ്ങൾ പൂർത്തിയാക്കി അതിർത്തി കടന്നവരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുകയാണ് പതിവ്. എന്നാൽ പൂർണം കുമാർ ഷായുടെ മോചനം നീളുന്നതിൽ ഇന്ത്യ പാകിസ്താനെ അതൃപ്തി അറിയിച്ചിരുന്നു.
അതേസമയം, അബദ്ധത്തിൽ അതിർത്തി കടന്ന ബി എസ് എഫ് ജവാനെ പിടിച്ച് വെച്ചിരിക്കുന്ന പാകിസ്താന്, ഇനി അദ്ദേഹത്തിന്റെ മോചനം നീട്ടാൻ സാധിക്കില്ല എന്നാണ് വിദേശകാര്യ വിദഗ്ധർ നിരീക്ഷിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായ പാക് റേഞ്ചറുടെ വിശദവിവരങ്ങൾ സൈനിക വൃത്തങ്ങൾ പുറത്ത് വിട്ടിട്ടില്ല.

