ദെയ്ർ അൽ-ബലാഹ് : ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവായ അബു ഒബൈദയെ വധിച്ച് ഇസ്രായേൽ സൈന്യം . ഗാസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രാജ്യത്തിന്റെ സുരക്ഷാ മന്ത്രിസഭ യോഗം ചേർന്നപ്പോഴാണ് ഇസ്രായേൽ ഇക്കാര്യം പുറത്ത് വിട്ടത്.
ഹമാസിന്റെ ഖസ്സാം ബ്രിഗേഡുകളെ പ്രതിനിധീകരിക്കുന്ന വക്താവായിരുന്നു അബു ഒബൈദയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു . അതേസമയം ഇക്കാര്യത്തിൽ ഹമാസ് പ്രതികരിച്ചിട്ടില്ല.
ഇസ്രായേൽ പുതിയ ആക്രമണത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ ആരംഭിച്ച് ഗാസ നഗരത്തെ യുദ്ധ മേഖലയായി പ്രഖ്യാപിച്ചതിന് ശേഷമാണ് അബു ഒബൈദയുടെ അവസാന പ്രസ്താവന പുറത്തിറക്കിയത്. ജീവിച്ചിരിക്കുന്ന ബന്ദികളെ സംരക്ഷിക്കാൻ തീവ്രവാദികൾ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. മാത്രമല്ല മരിച്ച ബന്ദികളുടെ അവശിഷ്ടങ്ങൾ “എന്നെന്നേക്കുമായി അപ്രത്യക്ഷമാകും” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബന്ദികളെ കാണിക്കുന്ന വീഡിയോകളും യുദ്ധത്തിന് കാരണമായ ഹമാസ് നേതൃത്വത്തിലുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടതിന് പിന്നിൽ അബു ഒബൈദയാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. വിദേശത്ത് അവശേഷിക്കുന്ന ഹമാസ് നേതാക്കൾക്കെതിരെയും സൈന്യം ഭീഷണി ആവർത്തിച്ചു.
2023 ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന ആക്രമണത്തിനു ശേഷം ഇസ്രായേൽ ഹമാസിന്റെ നിരവധി സൈനിക, രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തിയിരുന്നു. ഹമാസിന്റെ ഖസ്സാം ബ്രിഗേഡുകളുടെ ദീർഘകാല വക്താവായിരുന്ന ഒബൈദയെ ഇസ്രായേൽ ആക്രമിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ സ്ഥിരീകരിച്ചിരുന്നു, എന്നാൽ ആക്രമണം മാരകമായിരുന്നോ എന്ന് അന്ന് വ്യക്തമല്ലായിരുന്നു.
ഹമാസിന്റെ സൈനിക ശേഷി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഇസ്രായേൽ ശക്തമാക്കുന്നതിനിടയിൽ, കൊലപ്പെടുത്തിയ ഏറ്റവും പുതിയ ഹമാസ് പ്രതിനിധിയാണ് ഒബൈദ.ഞായറാഴ്ച രാവിലെ, വ്യോമാക്രമണത്തിലും വെടിവയ്പ്പിലും 11 പേർ കൂടി മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

