ടെഹ്റാൻ: ഇറാനിയൻ മണ്ണിൽ യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി . പാശ്ചാത്യ രാഷ്ട്രങ്ങൾക്കും സയണിസ്റ്റ് രാഷ്ട്രത്തിനും ഗുരുതരമായ ഭീഷണിയാണ് ഖമേനി മുഴക്കിയിരിക്കുന്നത് . മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടിക്ക് അമേരിക്ക സാക്ഷ്യം വഹിക്കുമെന്ന് ഖമേനിയുടെ പ്രതിനിധി ഹൊസൈൻ ശരീഅത്ത് മദാരി പറഞ്ഞു. ആദ്യപടിയായി, ബഹ്റൈനിൽ യുഎസ് നാവികസേനയ്ക്കെതിരെ മിസൈൽ ആക്രമണം ആരംഭിക്കും. അമേരിക്കൻ, ബ്രിട്ടീഷ്, ജർമ്മൻ, ഫ്രഞ്ച് കപ്പലുകൾ ഹോർമുസ് വഴി കടന്നുപോകില്ലെന്നും ശരീഅത്ത് മദാരി പ്രഖ്യാപിച്ചു
കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്ന് യുഎസ് അവകാശപ്പെട്ടിട്ടും ഫോർഡോ സമ്പുഷ്ടീകരണ പ്ലാന്റ് സുരക്ഷിതമാണെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഭീഷണികളെ അവഗണിച്ച് ഇറാന്റെ ആണവോർജ്ജ സംഘടന തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. ശത്രുക്കളുടെ ആക്രമണങ്ങൾക്ക് മുന്നിൽ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാൻ ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ ഉദ്ദേശിക്കുന്നില്ല. ധീരരായ രക്തസാക്ഷികളുടെ രക്തത്തിൽ നിന്നാണ് ആണവ പദ്ധതി നിർമ്മിച്ചത്. അതിൽ ഉറച്ചുനിൽക്കുമെന്ന് സംഘടന അറിയിച്ചു.
അതേസമയം, ഇറാൻ ഇസ്രായേലിനെതിരെ വീണ്ടും ആക്രമണം അഴിച്ചുവിട്ടു. ഹൈഫയിലും ടെൽ അവീവിലും ഇറാൻ രണ്ട് ബാച്ചുകളിലായി 27 മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇറാനിയൻ മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുന്നുണ്ടെന്ന് ഐഡിഎഫ് സോഷ്യൽ മീഡിയയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ – ഇറാൻ സംഘർഷത്തിൽ പങ്ക് ചേർന്ന് യുഎസ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിച്ചത് . ആക്രമണം വിജയകരമായിരുന്നുവെന്നും , ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് സാധ്യമാകില്ലെന്നുമാണ് ആക്രമണത്തിനു ശേഷം ഡൊണാൾഡ് ട്രംപ് പറഞ്ഞത് .

