ന്യൂഡൽഹി : യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്താൻ ഇറാന് മടിയില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ . ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥയെയും വെടിനിർത്തൽ സാഹചര്യത്തെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇറാൻ പലതവണ ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. സംഘർഷം തുടങ്ങിയപ്പോൾ തന്നെ ഇറാൻ ചർച്ചയിലുണ്ടായിരുന്നുവെന്നും, ആക്രമണങ്ങൾക്ക് ശേഷവും ചർച്ചകളിലേക്ക് മടങ്ങിയെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടിൽ ഇറാൻ ആക്രമണോത്സുകമായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിലെ വെല്ലുവിളി ചർച്ചകൾക്കിടയിൽ കരാർ രൂപപ്പെടുന്നതിനിടെ പുതിയ ആക്രമണം ഉണ്ടാവുകയും, അത് വിശ്വാസം ബാധിക്കുകയും ചെയ്തു എന്നതാണ്.
ഇരുപക്ഷവും അന്തിമ കരാറിലെത്തുന്നതിന് തൊട്ടടുത്തെത്തിയപ്പോഴാണ് മറ്റൊരു ആക്രമണം നടന്നത്. എന്നിട്ടും ചർച്ചകൾ തുടർന്നു, ധാരണയിലെത്തിയതിനെത്തുടർന്ന് ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു. എന്നാൽ പിന്നീട് അത് റദ്ദാക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെ ചർച്ചകൾ പുനരാരംഭിക്കാമെന്നും, നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്നും എങ്ങനെ വിശ്വസിക്കും “ മസൂദ് പെസെഷ്കിയൻ ചോദിച്ചു.
തനിക്ക് യുദ്ധത്തിൽ താൽപ്പര്യമില്ലെന്നും പെസെഷ്കിയൻ വ്യക്തമാക്കി. ‘ കഴിഞ്ഞ 100 വർഷത്തിനിടയിൽ ഇറാൻ ആക്രമണകാരിയായിരുന്നിട്ടില്ല . നിലവിലെ സാഹചര്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി വിശ്വാസം വീണ്ടെടുക്കുക എന്നതും ഭാവിയിൽ ഉണ്ടാകാനിടയുള്ള കരാർ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണെന്നും ‘ പെസെഷ്കിയൻ പറഞ്ഞു .

