ടെഹ്റാൻ : സ്ഥിതിഗതികൾ വഷളായതോടെ വ്യോമാതിർത്തി അടച്ച് ഇറാൻ . ഇന്ത്യൻ വിമാനക്കമ്പനികൾ യാത്രാ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതായും മറ്റുള്ളവ പൂർണ്ണമായും റദ്ദാക്കിയതായും എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവ അവരുടെ എക്സ് അക്കൗണ്ടുകൾ വഴി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനികൾ നിർദേശിച്ചിട്ടുണ്ട്.
ഇറാനിയൻ വ്യോമാതിർത്തി അടച്ചിട്ടതിനാലും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായും തങ്ങളുടെ വിമാനങ്ങൾ ഇപ്പോൾ ഇതര റൂട്ടുകളിലൂടെ തിരിച്ചുവിടുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇത് വിമാനയാത്ര കാലതാമസത്തിന് കാരണമായേക്കാം. നിലവിൽ വഴിതിരിച്ചുവിടൽ സാധ്യമല്ലാത്ത വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ വെബ്സൈറ്റിൽ യാത്രക്കാരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ എയർലൈൻ അഭ്യർത്ഥിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി .
വ്യോമാതിർത്തി പെട്ടെന്ന് അടച്ചത് ചില അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോയും അറിയിച്ചു. എയർലൈൻ ടീമുകൾ സ്ഥിതിഗതികൾ വിലയിരുത്തുകയും യാത്രക്കാർക്ക് സൗകര്യപ്രദമായ റീ-ബുക്കിംഗ് അല്ലെങ്കിൽ റീഫണ്ട് ഓപ്ഷനുകൾ നൽകുകയും ചെയ്യുന്നുണ്ട്.

