വാഷിംഗ്ടൺ : ഇന്ത്യയ്ക്കെതിരെ വീണ്ടും ഭീഷണി മുഴക്കി പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ.യുഎസിൽ പാകിസ്ഥാൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്ത്യ സ്വയം ഒരു ‘വിശ്വഗുരു’ ആയി അവതരിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ വാസ്തവത്തിൽ അത് അങ്ങനെയല്ലെന്നുമാണ് അസിം മുനീർ പറഞ്ഞത് .
സിന്ധു ജല കരാർ ഇന്ത്യ നിർത്തിവച്ചതിനെ കുറിച്ചും അസിം മുനീർ ഭീഷണി മുഴക്കി. ഇന്ത്യ സിന്ധു നദിയിൽ ഒരു അണക്കെട്ട് നിർമ്മിച്ചാൽ പാകിസ്ഥാൻ പത്ത് മിസൈലുകൾ ഉപയോഗിച്ച് അത് തകർക്കുമെന്നും മുനീർ പറഞ്ഞു. ഫ്ലോറിഡയിലെ ടാമ്പയിൽ പാകിസ്ഥാൻ സമൂഹത്തിൽ നിന്നുള്ള വ്യവസായി സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെയാണ് മുനീറിന്റെ പ്രസ്താവന .
‘ ഇന്ത്യ സിന്ധു നദിയിൽ ഒരു അണക്കെട്ട് പണിയുന്നത് വരെ ഞങ്ങൾ കാത്തിരിക്കും, അവർ അത് പണിതു കഴിയുമ്പോൾ , പത്ത് മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കും. സിന്ധു നദി ഇന്ത്യയുടെ സ്വകാര്യ സ്വത്തല്ല. ഞങ്ങൾക്ക് മിസൈലുകൾക്ക് ഒരു കുറവുമില്ല. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ അന്താരാഷ്ട്ര ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിയാണ് . കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ റോയാണ് ‘ അസിം മുനീർ ആരോപിച്ചു.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ല, മറിച്ച് പരിഹരിക്കപ്പെടാത്ത ഒരു അന്താരാഷ്ട്ര അജണ്ടയാണ്. ഖാഇദ്-ഇ-ആസം (മുഹമ്മദ് അലി ജിന്ന) പറയുന്നതനുസരിച്ച്, കശ്മീർ പാകിസ്ഥാന്റെ ‘കഴുത്തിലെ സിര’ ആണ്, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങൾക്കനുസൃതമായി പാകിസ്ഥാൻ അതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. ഞങ്ങൾ ആണവരാഷ്ട്രമാണ് . ഇന്ത്യയുമായുള്ള യുദ്ധത്തിൽ തോൽക്കുമെന്ന് തോന്നിയാൽ ലോകത്തിന്റെ പകുതി വരെ ഞങ്ങൾക്ക് തകർക്കാനാകും ‘ എന്നും അസിം മുനീർ പറഞ്ഞു.
അസിം മുനീറിന്റെ അമേരിക്കയിലേക്കുള്ള രണ്ടാമത്തെ ഔദ്യോഗിക സന്ദർശനമാണിത് . അവിടെ മുനീർ ഉന്നത അമേരിക്കൻ രാഷ്ട്രീയക്കാരുമായും സൈനിക ഉദ്യോഗസ്ഥരുമായും ഉന്നതതല കൂടിക്കാഴ്ചകൾ നടത്തിയെന്നാണ് വിവരം.ജൂണിൽ ഫീൽഡ് മാർഷൽ അസിം മുനീർ നടത്തിയ അഞ്ച് ദിവസത്തെ യുഎസ് സന്ദർശനത്തിന് ശേഷമാണ് ഈ സന്ദർശനം. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം , എണ്ണ കരാർ ഉൾപ്പെടെ വിവിധ മേഖലകളിൽ യുഎസ്-പാകിസ്ഥാൻ സഹകരണം വർദ്ധിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

