ചെന്നൈ: സർക്കാർ രൂപീകരിക്കുന്നതിന് ടിവികെയ്ക്കുള്ള തടസങ്ങൾ നീങ്ങുന്നു. വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രണ്ട് എംഎൽഎമാരുള്ള വിടുതലൈ ചിരുതൈഗൽ കച്ചി . ടിവികെക്ക് ഔദ്യോഗികമായി പിന്തുണ കത്തും കൈമാറി. ഇതോടെ ടിവികെയ്ക്ക് 118 അംഗങ്ങളുടെ പിന്തുണ ഉറപ്പായി. അഖിലേന്ത്യാ മുസ്ലീം ലീഗും നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തു.
കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ വിസികെ പ്രസിഡന്റ് തോൽ തിരുമാവളവനുമായി ഫോണിൽ ചർച്ച നടത്തിയതിന് ശേഷമാണ് നിലപാട് മാറ്റിയത്. ഇൻഡി മുന്നണിയിലെ ഘടകകക്ഷിയായ വിസികെയോട് ടിവികെയെ പിന്തുണയ്ക്കാൻ ഖാർഗെ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. ഈ ഉന്നതതല ഇടപെടലിന് തൊട്ടുപിന്നാലെയാണ് വിസികെ ഔദ്യോഗിക പിന്തുണാ കത്ത് നൽകിയത്.
ടിവികെ മേധാവി വിജയ് ഇന്ന് അശോക് നഗറിലെ വിസികെ ഓഫീസ് സന്ദർശിക്കും . പ്രദേശത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ഗവർണറുമായി ഇന്ന് വിജയ് കൂടിക്കാഴ്ച നടത്തും.പുതിയ മന്ത്രിസഭയിൽ വിസികെ പ്രതിനിധികളെ ഉൾപ്പെടുത്താൻ ധാരണയായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് എഐഎഡിഎംകെ പിന്മാറിയതായി റിപ്പോർട്ടുണ്ട്. . പുതുച്ചേരിയിൽ താമസിച്ചിരുന്ന പാർട്ടി എംഎൽഎമാരെ തിരികെ കൊണ്ടുവന്നതിന് ശേഷം, ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി സോഷ്യൽ മീഡിയയിൽ “സർക്കാർ രൂപീകരിക്കുന്ന പാർട്ടിക്ക് ആശംസകൾ” അർപ്പിച്ച് പോസ്റ്റ് പങ്ക് വച്ചിരുന്നു.അധികാര പോരാട്ടത്തിൽ നിന്ന് എഐഎഡിഎംകെ പിന്മാറുന്നതിന്റെ കൃത്യമായ സൂചനയായിട്ടാണ് തമിഴ്നാട് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ കാണുന്നത്.

