തിരുവനന്തപുരം : ആറ്റുകാലിൽ 26 കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല വടശ്ശേരിക്കോണം സ്വദേശികളായ ബൈജുവിന്റെയും ജിനുവിന്റെയും മകൾ ആരതിയെ വെള്ളിയാഴ്ച വൈകുന്നേരം ആറ്റുകൽ ചിറമുക്കിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതി ഗാർഹിക പീഡനത്തിന് ഇരയായതായി വീട്ടുകാർ ആരോപിച്ചിരുന്നു. തുടർന്നാണ് ഭർത്താവ് അതുലിനെ അറസ്റ്റ് ചെയ്തത്.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അതുലിനെ അറസ്റ്റ് ചെയ്തത്.
2024 ഡിസംബറിലായിരുന്നു കല്ലറ ഭരതന്നൂർ സ്വദേശിയായ അതുലിനെ ആരതി വിവാഹം കഴിച്ചത് . ഏകദേശം ആറ് മാസമായി ദമ്പതികൾ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വിവാഹശേഷം പല കാരണങ്ങളാൽ അതുൽ ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. പണവും സ്വർണ്ണവും സംബന്ധിച്ച തർക്കങ്ങൾ ഉൾപ്പെടെയുള്ള നിസ്സാരകാര്യങ്ങളുടെ പേരിൽ അതുൽ പതിവായി മദ്യപിച്ചിരുന്നതായും ആരതിയെ ശാരീരികമായി പീഡിപ്പിച്ചതായും മാതാപിതാക്കൾ ആരോപിച്ചു.
ആരതിക്ക് ശരീരത്തിൽ പരിക്കുകൾ ഏറ്റതായും, മരണത്തിന് മുമ്പ് ശരീരത്തിലെ പരിക്കുകളുടെ ഫോട്ടോകൾ അമ്മയ്ക്ക് അയച്ചുകൊടുത്തുവെന്നും കുടുംബം പറഞ്ഞു. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്.

