ഡബ്ലിൻ: ലൈംഗിക പീഡന കേസിൽ വിചാരണ നേരിടുന്ന മുൻ ഡിയുപി ലീഡർ ജെഫ്രി ഡൊണാൾഡ്സണിനെ പറ്റി പുതിയ ആരോപണങ്ങൾ ഉയർന്നുവന്നതിനെത്തുടർന്ന് ഡിയുപി സ്വതന്ത്ര അവലോകനം പ്രഖ്യാപിച്ചു. ജെഫ്രി ഡൊണാൾഡ്സണിന്റെ അനുചിതമായ പെരുമാറ്റത്തെക്കുറിച്ച് പാർട്ടിക്ക് അറിവില്ലെന്ന് ഡിയുപിയിലെ മുതിർന്ന അംഗങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തിന് അടിസ്ഥാനം.
തിങ്കളാഴ്ചയാണ് ന്യൂറി ക്രൗൺ കോടതി 63 കാരനായ ഡൊണാൾഡ്സൺ, പീഡനക്കേസിൽ ഉൾപ്പെടെ 18 ലൈംഗിക കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഡൊണാൾഡ്സണിന്റെ പെരുമാറ്റത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ചിലർ അത് പാർട്ടി ഓഫീസർമാരെ ഒരിക്കലും അറിയിച്ചില്ല എന്ന കാര്യവും ഗൗരവമായാണ് എടുക്കുന്നതെന്നും പ്രസ്താവനയിൽ ഡിയുപി പറഞ്ഞു.
നേരത്തെ, ഡൊണാൾഡ്സണിന്റെ മോശം പെരുമാറ്റത്തെ പറ്റി പാർട്ടിയിൽ “ഒരു സൂചനയും” ലഭിച്ചില്ലെന്ന് സ്റ്റോർമോണ്ട് കമ്മ്യൂണിറ്റി മന്ത്രി ഗോർഡൻ ലിയോൺസ് പറഞ്ഞിരുന്നു. ഡൊണാൾഡ്സണെക്കുറിച്ച് കിംവദന്തികൾ ഉണ്ടായിരുന്നു, പക്ഷേ തെളിവുകളൊന്നുമില്ല എന്നായിരുന്നു ലിയോൺസിന്റെ പാർട്ടി സഹപ്രവർത്തകനും വിദ്യാഭ്യാസ മന്ത്രിയുമായ പോൾ ഗിവാൻ പറഞ്ഞത്.

