കൊൽക്കത്ത ; ആർജി കാർ മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ മൃതദേഹം സംസ്കരിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎ നിർമ്മൽ ഘോഷിനെ അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, ഒരാളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒരു പ്രവൃത്തി ചെയ്യാൻ നിർബന്ധിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പാനിഹാട്ടിയെ നിർമ്മൽ ഘോഷിനെ അറസ്റ്റ് ചെയ്തത്.
നിർമ്മൽ ഘോഷും മറ്റ് രണ്ട് പേരും കുടുംബത്തെ മൃതദേഹം തിടുക്കത്തിൽ സംസ്കരിക്കാൻ നിർബന്ധിച്ചതായി ആരോപിച്ച് ഡോക്ടറുടെ പിതാവ് ഖാർദ പോലീസ് സ്റ്റേഷനിൽ നൽകിയ പുതിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
തുടർന്ന് ബാരക്പൂർ പോലീസ് കമ്മീഷണറേറ്റ് നിർമ്മൽ ഘോഷ്, പാനിഹാട്ടി മുനിസിപ്പാലിറ്റി കൗൺസിലർ സോമനാഥ് ഡേ, ഡോക്ടറുടെ അയൽക്കാരനായ സഞ്ജീവ് മുഖർജി എന്നിവരെ ഉൾപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുടുംബത്തിന്റെ സമ്മതമില്ലാതെയും രണ്ടാമതൊരു പോസ്റ്റ്മോർട്ടം നടത്തുന്നത് ഒഴിവാക്കാനുമായി മൃതദേഹം ധൃതിയിൽ സംസ്ക്കരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ശവസംസ്കാരത്തിന് ഉപയോഗിച്ച രേഖകളിലെ ഒപ്പുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പ്രത്യേകം പരിശോധിച്ചുവരികയാണ്.
ഡോക്ടറുടെ അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദ്ദേശത്തെ തുടർന്നാണ് ശവസംസ്കാരത്തെക്കുറിച്ച് പ്രത്യേക അന്വേഷണം ആരംഭിക്കാനുള്ള നീക്കം. ശവസംസ്കാരവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അന്വേഷിക്കാൻ സുവേന്ദു അധികാരി ബാരക്പൂർ പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.
31 കാരിയായ ഡോക്ടറെ 2024 ഓഗസ്റ്റ് 9 ന് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . ക്രൂരപീഡനത്തിന് പിന്നാലെയായിരുന്നു മരണം.

