ന്യൂഡൽഹി : ജന്തർ മന്തറിൽ അടുത്തിടെ നടന്ന സമരത്തിലെ ഡിജിറ്റൽ നിരീക്ഷണത്തിനെതിരെ എ എ റഹീം എം പി സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി പോലീസ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ബയോമെട്രിക് നിരീക്ഷണ നടപടികളും ഉപയോഗിച്ചതിനെ ചോദ്യം ചെയ്താണ് എ എ റഹീം സുപ്രീം കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ച് വിഷയത്തിൽ മറുപടി തേടി കേന്ദ്രസർക്കാരിനും, ഡൽഹി പൊലീസിനും നോട്ടീസ് അയച്ചു. റഹീമിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമിയാണ് കോടതിയിൽ ഹാജരായത് . കോടതിക്ക് മുമ്പാകെ നിയമപാലകർ പ്രകടനക്കാരുടെ ഫേഷ്യൽ പ്രൊഫൈലിംഗ് നടത്തുന്നതും സ്വകാര്യ സ്ഥാപനങ്ങൾ ഈ സെൻസിറ്റീവ് ഡാറ്റ സൂക്ഷിക്കുന്നതും കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകൾ മേനക ഗുരുസ്വാമി ഉയർത്തിക്കാട്ടി.
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ (FRT) സംബന്ധിച്ച തീർപ്പുകൽപ്പിക്കാത്ത കാര്യങ്ങളുമായി ചേർന്ന് ഹർജി കേൾക്കുമെന്ന് ബെഞ്ച് അറിയിച്ചു.സമാധാനപരമായ പൊതുയോഗങ്ങളിൽ വിവേചനരഹിതമായ ബയോമെട്രിക് നിരീക്ഷണം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് റഹീം ഹർജി നൽകിയിരിക്കുന്നത് . പാർലമെന്റ് അത്തരം നടപടികൾക്ക് അംഗീകാരം നൽകുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക നിയമം പാസാക്കുന്നതുവരെ അത്തരം നടപടികൾ നിരോധിക്കണമെന്ന് ഹർജിയിൽ പറയുന്നു.
പ്രതിഷേധക്കാരുടെ ഫേസ് ഡാറ്റ സ്വയമേവ വേർതിരിച്ചെടുക്കുകയും ഇത് സ്ഥിരമായ ദേശീയ ക്രിമിനൽ ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഹർജിയിൽ ആരോപിച്ചു.

