ന്യൂഡൽഹി : മുൻ തൃണമൂൽ കോൺഗ്രസ് എംപിമാരായ സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ്, പ്രകാശ് ചിക് ബറൈക് എന്നിവർ ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച അവസാനിച്ചതിന് ശേഷമാണ് മൂവരെയും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. മറ്റ് സ്ഥാനാർത്ഥികളൊന്നും മത്സരരംഗത്തുണ്ടായിരുന്നില്ല. ജൂലൈ 15 ന് സൂക്ഷ്മപരിശോധനയിൽ മൂവരുടെയും നാമനിർദ്ദേശ പത്രികകൾ പാസായി.
പിന്നാലെ റിട്ടേണിംഗ് ഓഫീസർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭ അംഗങ്ങൾക്ക് തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റുകൾ കൈമാറി. ജൂലൈ 24 ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളായി പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ജൂലൈ 9 ന് കൊൽക്കത്തയിൽ വെച്ചാണ് സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ്, പ്രകാശ് ചിക് ബറൈക് എന്നിവർ ബിജെപിയിൽ ചേർന്നത്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി എം സി പരാജയപ്പെട്ടതിന് പിന്നാലെയാണ് കഴിഞ്ഞ മാസം മൂവരും രാജ്യസഭയിൽ നിന്നും രാജിവച്ചത് . തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത് . പാർട്ടി വിട്ട് ആഴ്ചകൾക്കുള്ളിൽ ബിജെപി അംഗങ്ങളായി മൂവരും രാജ്യസഭയിലേക്ക് തിരിച്ചെത്തിയത് ടിഎംസിക്ക് മറ്റൊരു തിരിച്ചടിയാണ്.
2012 മുതൽ രാജ്യസഭയിൽ ടിഎംസിയെ പ്രതിനിധീകരിച്ചിരുന്ന സുഖേന്ദു ശേഖർ റോയ് പാർട്ടിയുടെ പ്രധാന നിയമ, പാർലമെന്ററി തന്ത്രജ്ഞരിൽ ഒരാളായി പേരെടുത്ത നേതാവാണ് . ആർജി കാർ കേസിനെത്തുടർന്ന്, സ്വന്തം പാർട്ടിയെ വിമർശിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി റോയ് പിന്നീട് തന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇല്ലാതാക്കിയെങ്കിലും, ഇത് പാർട്ടി നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ അകൽച്ച കൂടുതൽ ശക്തമാക്കി.
അസമിൽ നിന്നുള്ള മുൻ കോൺഗ്രസ് ലോക്സഭാ എംപിയും അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ മുൻ മേധാവിയുമായ സുഷ്മിത ദേവ്, കോൺഗ്രസ് വിട്ട ശേഷം 2021 ലാണ് ടിഎംസിയിൽ ചേർന്നത് . ബിജെപിയിലേക്ക് എത്തും മുമ്പ്, അഴിമതി ആരോപണത്തിന്റെ പേരിൽ തൃണമൂൽ നേതൃത്വത്തെ അവർ വിമർശിച്ചിരുന്നു.

