മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം അയച്ച 24 കാരി പിടിയിൽ . മഹാരാഷ്ട്രയിലെ താനെ ഉല്ലാസ് നഗർ സ്വദേശി ഫാത്തിമ ഖാനാണ് പിടിയിലായത് .യുവതി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു .
10 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചില്ലെങ്കിൽ എൻസിപി നേതാവ് ബാബ സിദ്ദിഖിന്റേത് പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. ഇന്നലെ രാത്രിയോടെ മുംബൈ പൊലീസിനാണ് സന്ദേശം ലഭിച്ചത്.
മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ സെല്ലിലേക്കാണ് സന്ദേശം വന്നത്. സന്ദേശം ലഭിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 12നാണ് ബാബ സിദ്ദിഖിനെ മകൻ സീഷൻ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വച്ച് മൂന്ന് പേർ വെടിവച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘം ഏറ്റെടുത്തിരുന്നു.
അതേസമയം സൽമാൻ ഖാനും ബാബ സീഷൻ സിദ്ദിഖിനും വധഭീഷണി സന്ദേശം അയച്ച 20കാരനെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് തയ്യബ് എന്നയാളാണ് പ്രതി. നോയിഡയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പണം നൽകണമെന്നും അല്ലാത്ത പക്ഷം ഇരുവരേയും വധിക്കുമെന്നുമായിരുന്നു സന്ദേശം. സീഷൻ സിദ്ദിഖിന്റെ ഓഫീസ് ജീവനക്കാർ മുംബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.