ന്യൂഡൽഹി : ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഹബ്ബാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രസർക്കാർ . കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിലും ഇക്കാര്യം പ്രതിപാദിച്ചിരുന്നു. മേക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ ഇന്ത്യയിലെ കളിപ്പാട്ട വ്യവസായത്തിന് പ്രത്യേക പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ കളിപ്പാട്ട വിപണിയെ ലോകത്തിൻ്റെ കേന്ദ്രമാക്കി മാറ്റുന്നതിലാണ് സർക്കാരിൻ്റെ ശ്രദ്ധ.
ലോകമെമ്പാടും ഇന്ത്യയുടെ ഐഡൻ്റിറ്റി ഉണ്ടാക്കിയ ഒരു കളിപ്പാട്ടമുണ്ട്. അതാണ് കർണാടകയിലെ ചന്നപട്ടണ കളിപ്പാട്ടം. കർണാടകയിലെ രാമനഗര ജില്ലയിലാണ് ചന്നപട്ടണം . ഇവിടെ നിർമ്മിക്കുന്ന തടികൊണ്ടുള്ള കളിപ്പാട്ടങ്ങൾ ചന്നപട്ടണ കളിപ്പാട്ടങ്ങൾ എന്നാണ് അറിയപ്പെടുന്നത്. രൂപകല്പന കൊണ്ടും തദ്ദേശീയമായ ശൈലി കൊണ്ടും ഇവ വിദേശ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ടോയ് സിറ്റി എന്നാണ് ചന്നപട്ടണം അറിയപ്പെടുന്നത് തന്നെ. കളിപ്പാട്ടങ്ങളാണ് ഇവിടുത്തെ വരുമാനമാർഗം.
പതിനെട്ടാം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്ന് ടിപ്പു സുൽത്താന് ഒരു തടിയുടെ കളിപ്പാട്ടം സമ്മാനമായി ലഭിച്ചു. ആ സമ്മാനത്തിൽ സന്തുഷ്ടനായ സുൽത്താൻ അവിടെ നിന്ന് കരകൗശല വിദഗ്ധരെ ഇന്ത്യയിലേക്ക് വിളിച്ച് ആ കല ഇവിടെ പരിചയപ്പെടുത്തി. കളിപ്പാട്ടങ്ങളുടെ കരവിരുത് പഠിച്ചവർ ഈ നഗരത്തിൽ സ്ഥിരതാമസമാക്കി, അങ്ങനെ കളിപ്പാട്ടങ്ങളുടെ വ്യാപ്തി ചന്നപട്ടണത്തിനപ്പുറം വികസിക്കാൻ തുടങ്ങി.
30 രൂപ മുതൽ ആയിരങ്ങൾ വരെയാണ് ഈ കളിപ്പാട്ടങ്ങളുടെ വില.ദസറയോടനുബന്ധിച്ച് അവ സമ്മാനമായി നൽകുന്ന പതിവുണ്ട്. ചന്നപട്ടണ കളിപ്പാട്ടങ്ങൾ തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇവ ഭാരം കുറഞ്ഞതിനാൽ കുട്ടികൾക്ക് എളുപ്പത്തിൽ കളിക്കാനാകും. മഞ്ഞളും ബീറ്റ്റൂട്ട് വെള്ളവുമാണ് നിറത്തിനായി മുൻപ് ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ പെയിൻ്റടിക്കുകയാണ് പതിവ് . ദേവദാരു, പൈൻ മരം, തേക്ക്, കാട്ടത്തിമരം എന്നിവ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. ഇവയ്ക്ക് പല രൂപങ്ങൾ നൽകിയ ശേഷം മിനുക്കിയെടുക്കുന്നു. ഈ കളിപ്പാട്ടങ്ങൾക്ക് , ജിഐ ടാഗും നൽകിയിട്ടുണ്ട്.
ഈ കളിപ്പാട്ടങ്ങൾ അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ, മിഡിൽ ഈസ്റ്റ്, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങി പല രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു.