ലോകത്തിലെ ഏറ്റവും സവിശേഷവും അതിശയകരവുമായ വാസ്തുവിദ്യാ അത്ഭുതങ്ങളിൽ പേര് കേട്ടവ ഇന്ത്യയിലുമുണ്ട്. അവയിലൊന്നാണ് എലിഫന്റ് ദ്വീപ്. മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു വാസ്തുവിദ്യാ പ്രാധാന്യമുള്ള ഗുഹാ സമുച്ചയമാണ് എലിഫൻ്റ ദ്വീപ് . മുംബൈയിൽ നിന്നും കുറച്ചു ദൂരം യാത്ര ചെയ്താൽ ബോട്ടിൽ നമുക്ക് എലിഫന്റ് ദ്വീപിൽ എത്താം.
തുറമുഖത്തിൻ്റെ കിഴക്ക് ഭാഗത്ത്, മുംബൈയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ്. ഘരാപുരി ദ്വീപ്, ഗുഹകളുടെ നഗരം എന്നും ഇത് അറിയപ്പെട്ടിരുന്നു. പോർച്ചുഗീസുകാരാണ് എലിഫൻ്റ എന്ന പേരു നൽകിയത്. ഇവിടെ ആകെ 7 ഗുഹകളും നിരവധി ദേവീദേവന്മാരുടെ പ്രതിമകളും ഉണ്ട് . ബ്രിട്ടീഷ് കാലഘട്ടത്തിലെ രണ്ട് പീരങ്കികളുടെ പേരിൽ അറിയപ്പെടുന്ന ഗൺ ഹില്ലും, ഖനനത്തിനിടെ കണ്ടെത്തിയ ബുദ്ധ സ്തൂപത്തിൻ്റെ അവശിഷ്ടങ്ങളുടെ പേരിൽ അറിയപ്പെടുന്ന സ്തൂപ കുന്നും.
എലിഫൻ്റ ഗുഹകൾ ആരാണ് നിർമ്മിച്ചത് എന്നത് ഇപ്പോഴും ഒരു രഹസ്യമാണ്. എങ്കിലും, ഈ ഗുഹകൾ ചാലൂക്യ, രാഷ്ട്രകൂട സാമ്രാജ്യങ്ങളുടെ കാലത്താണ് നിർമ്മിച്ചതെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വലിയ ഭാഗങ്ങൾ ഭരിച്ചിരുന്ന രാജവംശമായിരുന്നു രാഷ്ട്രകൂടർ.
അഞ്ചാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിൽ രാഷ്ട്രകൂടരാണ് എലിഫൻ്റ ഗുഹകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഹിന്ദു ദേവനായ ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ഗുഹകൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് . പാറയിൽ വെട്ടിയുണ്ടാക്കിയ ശിൽപങ്ങൾക്ക് പേരുകേട്ടതാണ് ഈ ഗുഹകൾ.