പൂനെ ; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും . അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സുനേത്ര ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ലോക് ഭവനിൽ നടക്കുന്ന ലളിതമായ ചടങ്ങിലാണ് സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞ. എൻസിപിയുടെ 40 നിയമസഭാംഗങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 ന് മുംബൈയിലെ വിധാൻ ഭവനിൽ യോഗം ചേർന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കും. തുടർന്ന് സുനേത്രയെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കും.
നിയമസഭയിലെ അംഗമല്ലാത്തതിനാൽ സുനേത്ര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ, നാമനിർദ്ദേശം ചെയ്യപ്പെടുകയോ ചെയ്യേണ്ടിവരും. അജിത് പവാർ പ്രതിനിധീകരിക്കുന്ന ബാരാമതി സീറ്റിലും അടുത്ത ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ പറഞ്ഞു.
ഉപമുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എൻസിപി എടുക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. “എൻസിപിയും അജിത് പവാറിന്റെ കുടുംബവും എടുക്കുന്ന തീരുമാനത്തെ ഞങ്ങൾ പിന്തുണയ്ക്കും. സർക്കാർ എന്ന നിലയിലും ഒരു പാർട്ടി എന്ന നിലയിലും ഞങ്ങൾ അവർക്കും പവാർ കുടുംബത്തിനും ഒപ്പമാണ്. എൻസിപി നേതാക്കൾ രണ്ടുതവണ എന്നെ കാണുകയും പാർട്ടിയുടെ നടപടികളും അവരുടെ മുന്നിലുള്ള ഓപ്ഷനുകളെയും കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
മുതിർന്ന പാർട്ടി നേതാക്കളായ പ്രഫുൽ പട്ടേൽ, സുനിൽ തത്കറെ, ഛഗൻ ഭുജ്ബൽ എന്നിവരാണ് ഫഡ്നാവിസിനെ കാണുകയും സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള പാർട്ടിയുടെ തീരുമാനം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തത്.
പൂനെയിലെ ബാരാമതിയിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എൻസിപിയിലെ രണ്ട് വിഭാഗങ്ങളുടെ ലയനത്തെക്കുറിച്ചും ഉടൻ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

