മോസ്കോ: ഇസ്ലാമാബാദിൽ നടന്ന ബോംബാക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ . തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പാകിസ്ഥാന് റഷ്യയുടെ പിന്തുണയും പുടിൻ വാഗ്ദാനം ചെയ്തു. പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അയച്ച അനുശോചന സന്ദേശത്തിൽ പുടിൻ തന്റെ പിന്തുണ അറിയിച്ചു. ആക്രമണത്തിന്റെ ഇരകളോടും രാഷ്ട്രത്തോടും ക്രെംലിൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
മതപരമായ ചടങ്ങുകൾക്കിടയിലുള്ള മാരകമായ കൊലപാതകം തീവ്രവാദത്തിലെ അതിരുകടന്ന ക്രൂരതയുടെ തെളിവാണെന്ന് പുടിൻ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെയും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചുവെന്ന യുഎസ് പ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തിലാണ് പാകിസ്ഥാന് റഷ്യ പിന്തുണ പ്രഖ്യാപിച്ചത് . നേരിട്ടോ അല്ലാതെയോ രാജ്യം റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് ഉറപ്പ് നൽകിയാൽ ഏർപ്പെടുത്തിയ 25 ശതമാനം അധിക താരിഫ് പിൻവലിക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

