രുഖ്മാബായി റാവുത്ത്, അധികം ഒന്നും കേട്ടിട്ടില്ലാത്ത , ചർച്ച ചെയ്യപ്പെടാതെ പോയ പേര് . ഇന്നാണെങ്കിലും ഫെമിനിസ്റ്റുകളുടെ ഗണത്തിൽപ്പെടുത്തിയാകും പലരും രുഖ്മാബായിയെ കുറിച്ച് സംസാരിക്കുക . കാരണം തന്റേടത്തോടെ നിയമപരമായി വിവാഹമോചനം നേടിയ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു സ്ത്രീയെ പറ്റി അവകാശത്തോടെയല്ലാതെ, അഭിമാനത്തോടെയല്ലാതെ സ്ത്രീകൾക്ക് സംസാരിക്കാൻ ആവില്ലല്ലോ.
1885-ലെ രുഖ്മാബായിയുടെ കേസ് ഇന്ത്യൻ നിയമ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. രണ്ട് കാര്യങ്ങളാണ് ഇതിലൂടെ ഇന്ത്യൻ സ്ത്രീകൾക്ക് ലഭിച്ചത് , വിവാഹത്തിന് സ്വന്തം സമ്മതം അറിയിക്കാനുള്ള അവകാശവും , ഒരിക്കലും മുന്നോട്ട് പോകില്ലെന്ന് ഉറപ്പുള്ള ബന്ധം ഉപേക്ഷിക്കാനുള്ള ധൈര്യവും .
പാശ്ചാത്യ വൈദ്യം പരിശീലിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു രുഖ്മാബായി . രുഖ്മാബായി ഭീംറാവു റാവുത്ത് 1864 നവംബർ 22-ന് മുംബൈയിൽ ജനിച്ചു. രുഖ്മാബായി ജനിക്കുമ്പോൾ അവരുടെ അമ്മയ്ക്കും പ്രായം 15 വയസായിരുന്നു . രുഖ്മയ്ക്ക് രണ്ട് വയസായപ്പോൾ പിതാവ് മരിച്ചു. പിന്നീട് രുഖ്മാബായിയുടെ അമ്മ ഡോ. സഖാറാം അർജുൻ റൗത്തിനെ പുനർവിവാഹം ചെയ്തു. രുഖ്മാബായിയുടെ ചിന്തകളിൽ ഏറെ മാറ്റം വരുത്തിയ മനുഷ്യൻ ഡോ. സഖാറാം അർജുൻ റൗത്ത് ആയിരുന്നു .
എങ്കിലും, രുഖ്മാബായി അക്കാലത്തെ ആചാരപ്രകാരം 11-ാം വയസ്സിൽ ദാദാജി ഭിക്കാജി എന്ന 19 വയസ്സുകാരനുമായി വിവാഹിതയായി. എന്നിട്ടും വീട്ടിലിരുന്ന് രണ്ടാനച്ഛൻ്റെ പിന്തുണയോടെ രുഖ്മാബായി വിദ്യാഭ്യാസം തുടർന്നു.
ഒമ്പത് വർഷത്തിനു ശേഷം, 1884 മാർച്ചിൽ, ദാദാജി രുഖ്മാബായി തന്നോടൊപ്പം ജീവിക്കണമെന്ന് ആവശ്യപ്പെട്ടു. രുഖ്മാബായി വിസമ്മതിച്ചു. ഇതാണ് 1885-ൽ ദാദാജി ഭിക്കാജി വേഴ്സസ് രുഖ്മാബായി കേസിലേക്ക് നയിച്ചത്. ദാദാജി ബോംബെ ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തപ്പോൾ ഇന്ത്യയിൽ തന്നെ അഭൂതപൂർവമായ ഒരു കോടതി കേസായി അത് മാറി.
സമൂഹത്തിൻ്റെ പ്രതീക്ഷകൾ അനുസരിക്കാൻ രുഖ്മാബായി വിസമ്മതിച്ചതും അനാവശ്യ വിവാഹത്തിനെതിരായ അവളുടെ ധീരമായ നിലപാടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നിയമ പോരാട്ടത്തിന് തുടക്കമിട്ടു.’ദാദാജി ഭിക്കാജിയുടെ വൈവാഹിക അവകാശം പുനഃസ്ഥാപിക്കുക’ എന്ന കേസ് ആദ്യം ജസ്റ്റിസ് റോബർട്ട് ഹിൽ പിൻഹെയുടെ മുന്നിലെത്തി . എന്നാൽ അദ്ദേഹം അത് തള്ളിക്കളഞ്ഞു. ബാല്യത്തിൽ നടത്തിയ വിവാഹബന്ധം തുടരാൻ രുഖ്മാബായിയെ നിർബന്ധിക്കാനാവില്ലെന്ന് പറഞ്ഞു.
ദാദാജി അപ്പീൽ നൽകി, രണ്ട് ജഡ്ജിമാരുടെ ബെഞ്ചിന് മുമ്പാകെ ഒരു പുതിയ വാദം നടന്നു. 1887 മാർച്ചിൽ ജസ്റ്റിസ് ഫർഹാൻ ദാദാജിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു, രുഖ്മാബായിക്ക് ഭർത്താവിനൊപ്പം ചേരുകയോ അല്ലെങ്കിൽ ആറ് മാസത്തെ തടവ് അനുഭവിക്കുകയോ ചെയ്യാം.രുഖ്മാബായി ജയിൽവാസം തിരഞ്ഞെടുത്തു.
വിവാഹമോചനത്തിനായുള്ള ആ പോരാട്ടം ഒരു വ്യക്തിപരമായ പോരാട്ടം മാത്രമല്ല, ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു.’എ ഹിന്ദു ലേഡി’ എന്ന ഓമനപ്പേരിൽ അവർ ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതാൻ തുടങ്ങി. ലിംഗസമത്വം, സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹിക പരിഷ്കരണം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.
ഈ കേസ് മുംബൈയിലും ഇന്ത്യയിലുടനീളമുള്ള പ്രമുഖ വ്യക്തികളിൽ നിന്നും നേതാക്കളിൽ നിന്നും ശ്രദ്ധ നേടി. ബെഹ്റാംജി മൽബാരി, രമാഭായി റാനഡെ തുടങ്ങിയ സ്വാധീനമുള്ള വ്യക്തികളുടെ നേതൃത്വത്തിൽ ‘രുഖ്മാബായി സംരക്ഷണ സമിതി’ രൂപീകരിച്ചു .
അതിനിടയിൽ, രുഖ്മാബായു ലേഖനങ്ങൾ വിക്ടോറിയ രാജ്ഞിയുടെ കണ്ണിൽപ്പെട്ടു. തുടർന്ന് കേസിൽ രാജ്ഞിയുടെ ഇടപെടൽ ഉണ്ടായി.രുഖ്മാബായി നേരിട്ട അനീതി വിക്ടോറിയ രാജ്ഞി തിരിച്ചറിയുകയും രുഖ്മാബായിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു.
1888 ജൂലൈയിൽ കേസ് തീർപ്പാക്കി.വിവാഹമോചന കേസ് അവസാനിച്ചതോടെ രുഖ്മാബായി വീണ്ടും പഠിക്കാൻ ആരംഭിച്ചു . ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ നിന്ന് 893-ൽ ബിരുദം നേടി.35 വർഷക്കാലം സൂറത്തിലെ വിമൻസ് ഹോസ്പിറ്റലിൻ്റെ ചീഫ് ആയി സേവനമനുഷ്ഠിച്ചു.1955-ൽ രുഖ്മാബായി അന്തരിച്ചു.