ജയ്പൂർ : രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയു വാർഡിനുള്ളിൽ മയക്കുമരുന്ന് നൽകിയ ശേഷം ആശുപത്രി ജീവനക്കാർ രോഗിയെ ബലാത്സംഗം ചെയ്തതായി പരാതി. ജൂൺ 4 ന് രാത്രി ഇ.എസ്.ഐ.സി മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച 32 കാരിയാണ് പീഡനത്തിനിരയായത് . സംഭവത്തിന് പിന്നിൽ സുഭാഷ് ഗട്ല എന്ന ആശുപത്രി ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതർ ഇയാളെ സസ്പെൻഡ് ചെയ്തു . എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന് മുമ്പ് യുവതിയ്ക്ക് മയക്കുമരുന്ന് കുത്തിവയ്പ്പ് നൽകിയിരുന്നു. സംഭവസമയത്ത്, യുവതിയുടെ കുടുംബാംഗങ്ങൾ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു . അർദ്ധബോധാവസ്ഥയിലായിരുന്ന സ്ത്രീ നിലവിളിക്കുന്നത് ഭർത്താവ് ഐ സിയുവിൽ എത്തിയെങ്കിലും മയക്കുമരുന്ന് ഉള്ളിൽ ചെന്ന് അബോധാവസ്ഥയിലായതിനാൽ കാര്യങ്ങൾ അവൾക്ക് വ്യക്തമായി സംസാരിക്കാൻ കഴിഞ്ഞില്ല.
ബോധം വന്ന ശേഷം യുവതി വിവരം ഭർത്താവിനെ അറിയിച്ചു. ഭർത്താവ് ആശുപത്രി മാനേജ്മെന്റിനെ സമീപിച്ച് പരാതി നൽകിയെങ്കിലും അവർ കാര്യം മൂടിവയ്ക്കാൻ ശ്രമിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനെ അറിയിച്ചതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത് . അദ്ദേഹം പോലീസിനോട് അടിയന്തര നടപടിയെടുക്കാൻ നിർദ്ദേശിച്ചു. ഇതിനെത്തുടർന്ന്, പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സ്ത്രീയുടെ വൈദ്യപരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു . അന്വേഷണ സംഘത്തെയും രൂപീകരിച്ചു. ശനിയാഴ്ചയോടെ സംഘം റിപ്പോർട്ട് സമർപ്പിക്കും.

