ന്യൂഡൽഹി : ബിജെപിയെയും, ആർ എസ് എസിനെയും അടച്ചാക്ഷേപിച്ചുകൊണ്ടുള്ള നടൻ പ്രകാശ് രാജിന്റെ പ്രസംഗം വിവാദമാകുന്നു.മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും വംശഹത്യയ്ക്ക് ബിജെപിയും , ആർഎസ്എസും തയ്യാറെടുക്കുകയാണെന്നാണ് പ്രകാശ് രാജിന്റെ പ്രസംഗം.
ഹൈദരാബാദിൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) സംഘടിപ്പിച്ച ‘ലോംഗിംഗ് ഫോർ ജസ്റ്റിസ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് പ്രകാശ് രാജിന്റെ ഈ പരാമർശങ്ങൾ . “ഈ രാജ്യത്ത് സംഭവിക്കുന്നതെല്ലാം വംശഹത്യയ്ക്കുള്ള തയ്യാറെടുപ്പാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. . അവർ മുസ്ലീങ്ങളെ തുടച്ചുനീക്കാൻ ആഗ്രഹിക്കുന്നു. അവർ ഗോത്രവർഗക്കാരെയും ന്യൂനപക്ഷങ്ങളെയും തുടച്ചുനീക്കാൻ ആഗ്രഹിക്കുന്നു. അതാണ് അവരുടെ അജണ്ട.
ഒരുകാലത്ത് പൗരന്മാരുടെ ‘അവസാന പ്രതീക്ഷ’ കോടതികളായിരുന്നു. എന്നാൽ ഇന്ന് നീതി സംരക്ഷിക്കുന്നതിൽ അവ പരാജയപ്പെട്ടു .ഭരണഘടനാ മൂല്യങ്ങളും ധാർമ്മികതയും ഉയർത്തിപ്പിടിക്കുന്നതിൽ ജുഡീഷ്യറി പരാജയപ്പെട്ടു. ബിജെപിയിൽ നിന്ന് ആർഎസ്എസിലേക്ക് ശ്രദ്ധ മാറുന്നു . യഥാർത്ഥ അധികാരം ബിജെപിയിൽ മാത്രമല്ല, ആർഎസ്എസിലും ഉണ്ട്.
പ്രധാനമന്ത്രി ഡോ. ബി.ആർ. അംബേദ്കറെയും ഭരണഘടനയെയും രേഖാമൂലം പ്രശംസിക്കുകയും എന്നാൽ അടുത്ത ദിവസം ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിനൊപ്പം ഒരു രാമക്ഷേത്ര പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.മനുസ്മൃതി കൊണ്ടുവരിക എന്നതാണ് അവരുടെ അജണ്ട. ഭരണഘടന മാറ്റുക എന്നതാണ് അവരുടെ അജണ്ട, കാരണം അവർക്ക് അത് ഇഷ്ടമല്ല “ എന്നാണ് പ്രകാശ് രാജിന്റെ പ്രസ്താവന.
ഇതിനെതിരെ രൂക്ഷവിമർശനമാണ് ഇപ്പോൾ ഉയരുന്നത് . പ്രകാശ് രാജ് ജുഡീഷ്യറിയെ വരെ വെല്ലുവിളിക്കുകയാണെന്നും, രാജ്യത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും വിമർശനമുയർന്നു കഴിഞ്ഞു.

