ന്യൂഡൽഹി ; കശ്മീർ പാകിസ്ഥാനുമായുള്ള തങ്ങളുടെ ഉഭയകക്ഷി പ്രശ്നമാണെന്നും അതിൽ മൂന്നാം കക്ഷിക്ക് ഒരു പങ്കും ഉണ്ടാകില്ലെന്നും ഇന്ത്യ . ഇന്ത്യയുടെ ഈ പ്രസ്താവന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല പ്രസ്താവനയ്ക്കുള്ള മറുപടിയാണ്.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ദീർഘകാല നയം ഇന്ത്യ ആവർത്തിച്ചു . ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്. ഇന്ത്യയുടെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ പാകിസ്ഥാൻ ഒഴിയണം, ഈ മുഴുവൻ തർക്കത്തിലും തീർപ്പുകൽപ്പിക്കാത്ത ഒരേയൊരു വിഷയം ഇതാണ്.ഇന്ത്യയുടെ നയം അതേപടി തുടരുന്നുവെന്നും അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
“ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണം. ഇത് ഞങ്ങളുടെ ദീർഘകാല നയമാണ്, അതില്‍ ഒരു മാറ്റവുമില്ല. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിപ്പിക്കുക എന്നതാണ് അവശേഷിക്കുന്ന ഏക പ്രശ്നം,” അദ്ദേഹം പറഞ്ഞു.

