ന്യൂഡൽഹി : ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിനു പിന്നാലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ. മോദിയുടെ നയതന്ത്ര പ്രാവീണ്യത്തെയാണ് തരൂർ പ്രശംസിച്ചത്. ഇത്തവണ കോൺഗ്രസ് നേതൃത്വം അതിശക്തമായ പ്രതികരണമാണ് തരൂരിനെതിരെ നടത്തിയിരിക്കുന്നത്. യുഎസ് പ്രസിന്റ് ട്രമ്പുമായുള്ള കൂടിക്കാഴ്ച്ചയിൽ യുദ്ധകാലത്ത് ഇന്ത്യൻ നാവികരെ അക്രമിക്കരുതെന്ന കാര്യം മോദി വ്യക്തമായി ഉന്നയിച്ചുവെന്നാണ് തരൂർ കഴിഞ്ഞ ദിവസം പറഞ്ഞത്.
തരൂരിന്റെ ഈ പ്രസ്താവനയ്ക്കെതിരെ കടുത്ത പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര. ‘ എന്റെ സഹപ്രവർത്തകർ തരൂരിന്റെ മോദിയോടുള്ള ആരാധന ഭൗതികലോകത്തിന്റെ അതിർവരമ്പുകൾ ലംഘിച്ചിരിക്കുകയാണ്. മോദി പറയാത്ത കാര്യങ്ങൾ പോലും കേൾക്കാൻ ഇപ്പോൾ തരൂരിന് പ്രത്യേക കഴിവുണ്ട് .ജി 7 ഉച്ചകോടിയുടെ ഭാഗമായി നടന്ന മോദി -ട്രമ്പ് കൂടിക്കാഴ്ച്ചയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ ഒമാൻ ഉൾക്കടലിൽ യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെ കുറിച്ചോ, മറ്റ് സുപ്രധാന വിഷയങ്ങളെ പറ്റിയോ ഒരു പരാമർശവുമില്ലെന്നാണ് ‘ ഖേര പറയുന്നത്.
എന്നാൽ തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്ക്കരിക്കുന്നതിൽ അത്ഭുതമുണ്ടെന്ന് ശശി തരൂർ പ്രതികരിച്ചു.മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് താൻ പ്രതികരിച്ചതെന്നും , ഇന്ത്യൻ നാവികരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക രാഷ്ട്രീയത്തിനതീതമായി നമ്മളെ ഒന്നിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം വിദേശനയങ്ങളിൽ രാഹുലിന്റെ നിലപാടുകളെ തള്ളിക്കളയുന്നതാണ് തരൂരിന്റെ പ്രസ്താവനയെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.

