ഇസ്ലാമാബാദ് : ദക്ഷിണേഷ്യയിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണെന്ന് പാകിസ്ഥാൻ ആസൂത്രണ മന്ത്രി അഹ്സാൻ ഇഖ്ബാൽ . ദക്ഷിണേഷ്യയുടെ മധ്യഭാഗത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നതെന്നും, മറ്റ് എല്ലാ രാജ്യങ്ങളുമായും ഇന്ത്യ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അഹ്സാൻ ഇഖ്ബാൽ പറഞ്ഞു .
ഇന്ത്യയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അഹ്സാൻ ഇഖ്ബാൽ പാകിസ്ഥാന് മുന്നറിയിപ്പും നൽകി. സിന്ധു നദീജല കരാർ തടഞ്ഞുവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം വെല്ലുവിളിച്ചു. ഇന്ത്യ ജലത്തെ ഒരു ആയുധമായി ഉപയോഗിച്ചേക്കാമെന്ന ഭയം ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിളകൾ ആവശ്യമുള്ളപ്പോൾക്ക് ജലവിതരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യ സൊസൈറ്റിയുടെ ഒരു പരിപാടിയിലാണ് അഹ്സാൻ ഇഖ്ബാലിന്റെ ഈ പ്രസ്താവന . സിന്ധു നദീജല കരാർ അന്താരാഷ്ട്ര കരാറാണ്. അത് മാറ്റാൻ കഴിയില്ല . എന്നാൽ ഇന്ത്യ ഏകപക്ഷീയമായി അതിനെ തടഞ്ഞു. ഇത് ഒരു പുതിയ വെല്ലുവിളിയാണ്. ആധുനിക ചരിത്രത്തിൽ ആദ്യമായി ജലം ആയുധമാക്കപ്പെടുകയാണ്.
ഇന്ത്യയ്ക്ക് ജലം ഒരു ആയുധമായി ഉപയോഗിക്കാമെന്ന ഭീഷണി നാം നേരിടുന്നു. വിളകൾക്ക് ആവശ്യമുള്ളപ്പോൾ പാകിസ്ഥാന് വെള്ളം നിഷേധിക്കാനോ ആവശ്യമില്ലാത്തപ്പോൾ അത് തുറന്നുവിടാനോ അവർക്ക് കഴിയും. ഈ വിഷയത്തിൽ ഞങ്ങൾ നിലവിൽ എല്ലാ നയതന്ത്ര മാർഗങ്ങളും പിന്തുടരുകയാണ്. ‘ എന്നും പാക് മന്ത്രി പറഞ്ഞു.
നേരത്തെ, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പാകിസ്ഥാൻ യുദ്ധമല്ല, സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞിരുന്നു . ” ഇന്ത്യ വെള്ളം തടഞ്ഞുവച്ചാൽ പാകിസ്ഥാൻ പ്രതികരിക്കും. പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് ഭീഷണിക്കും ശക്തമായ മറുപടി നൽകും.” എന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.

