ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പതിന്നാലാം ദിവസം കണക്ക് തീർത്ത് ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക നടപടിയിലൂടെ പാകിസ്താനിൽ കടന്ന് മിന്നലാക്രമണം നടത്തിയ ഇന്ത്യ അസംഖ്യം ഭീകരരെ വധിച്ചു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിലായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്.
ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ 12 ഭീകരർ മരിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഇതിലും പല മടങ്ങ് കൂടുതലായിരിക്കും എന്നാണ് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ നൽകുന്ന സൂചന. ഇക്കാര്യത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.
നീതി നടപ്പാക്കി എന്ന് ഇന്ത്യൻ ആർമി എക്സിൽ കുറിച്ചു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ വ്യക്തമാക്കി.
ഇന്ത്യ മിന്നലാക്രമണം നടത്തിയതായി പാകിസ്താൻ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചതായി പാകിസ്താൻ അറിയിച്ചു. സർജിക്കൽ സ്ട്രൈക്കിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

