കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ജാതീയ പരാമർശങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദം രൂക്ഷമായിരിക്കുകയാണ്. ദേശീയ പട്ടികജാതി കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് മൂന്ന് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു.
തിരഞ്ഞെടുപ്പ് റാലിക്കിടെ മമത ബാനർജി ജാതി അധിക്ഷേപം നടത്തിയതായും ഇത് പട്ടികജാതി സമൂഹത്തെ അവഹേളിക്കുന്നതാണെന്നും കമ്മീഷൻ പറഞ്ഞു . കർശന നടപടിയെടുക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
അത്തരം അഭിപ്രായങ്ങൾ ആക്ഷേപാർഹമാണെന്ന് മാത്രമല്ല, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 3(1)(കൾ) പ്രകാരം ശിക്ഷാർഹമായ കുറ്റവുമാണ്. കമ്മീഷൻ ചെയർമാൻ കിഷോർ മക്വാനയും വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
“പട്ടികജാതിക്കാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങ്ങൾ ഒരു തലത്തിലും വെച്ചുപൊറുപ്പിക്കില്ല. ഈ വിഷയത്തിൽ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറലിനും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.മൂന്ന് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിൽ പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളും അക്രമങ്ങളും വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പദവിയിലുള്ള ഒരാൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.“ കിഷോർ മക്വാന പറഞ്ഞു.

