മുംബൈ : മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരത്തിലേറുമെന്ന് സൂചന.വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയാണ് സുനേത്ര .മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകാനുള്ള പാർട്ടിയുടെ വാഗ്ദാനം സുനേത്ര പവാർ സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ . നാളെ രാവിലെ 11 മണിക്ക് നിയമസഭാ കക്ഷി യോഗം ചേരും. വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് നിലവിൽ സുനേത്ര. 2024 ജൂണിൽ, പ്രഫുൽ പട്ടേലിനു ശേഷം ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് അവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ധനകാര്യ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ നീക്കം.
ഫെബ്രുവരി 7 ന് നടക്കാനിരിക്കുന്ന പൂനെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കണമെന്ന് മുതിർന്ന പാർട്ടി നേതാക്കൾ നിർദ്ദേശിച്ചിരുന്നു. നിർദ്ദേശത്തെത്തുടർന്ന് പവാർ കുടുംബത്തിനുള്ളിൽ ചർച്ചകൾ നടന്നു. ഈ ചർച്ചകൾക്ക് ശേഷം, ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സുനേത്ര പവാർ സമ്മതിക്കുകയായിരുന്നുവെന്നാണ് സൂചന.
സുനേത്ര പവാറും കുടുംബ ഉപദേഷ്ടാവ് നരേഷ് അറോറയും തമ്മിൽ ഇന്ന് ബാരാമതിയിൽ കൂടിക്കാഴ്ച നടന്നിരുന്നു .സുനേത്ര ഇന്ന് രാത്രി വൈകിയോ ഇന്ന് പുലർച്ചെയോ മുംബൈയിൽ എത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത് .
1985 ലാണ് അവർ അജിത് പവാറിനെ വിവാഹം കഴിച്ചത് . എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യ, ഗ്രാമപ്രദേശങ്ങളിലെയും ചെറുപട്ടണങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് പേരുകേട്ട വിദ്യാ പ്രതിഷ്ഠാൻ പോലുള്ള സ്ഥാപനങ്ങളുടെ ട്രസ്റ്റിയാണ് സുനേത്ര പവാർ.

