ന്യൂഡൽഹി : ജന്തർമന്ദറിൽ നടന്ന അക്രമത്തിൽ ഡൽഹി എ സി പി വിവേക് ഭഗത്തിന് ഗുരുതരപരിക്ക് . ബുധനാഴ്ച വൈകുന്നേരം ജന്തർ മന്ദറിന് സമീപം നടന്ന കല്ലേറിലാണ് വിവേക് ഭഗത്തിന് നിരവധി പരിക്കേറ്റത്. ഇദ്ദേഹത്തെ ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
പരിശോധനയിൽ മുകൾഭാഗത്തും താഴെയുമായി കൈകാലുകളിൽ ഒന്നിലധികം ചതവുകൾ, തോളിന് പരിക്കുകൾ, തലയുടെ പിൻഭാഗത്ത് പാരീറ്റോ-ആൻസിപിറ്റൽ മേഖലയിൽ വീക്കം എന്നിവ കണ്ടെത്തി.സംഭവത്തെത്തുടർന്ന് ചെവിയിൽ നിന്ന് രക്തസ്രാവവും ഛർദ്ദിയും ഉണ്ടായതായി ഓഫീസർ റിപ്പോർട്ട് ചെയ്തു. സർജറി വിഭാഗത്തിലെ സംഘമാണ് എസിപി ഭഗതിനെ ചികിത്സിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേയ്ക്ക് മാറ്റിയേക്കും.
ടോൾസ്റ്റോയ് മാർഗിന് സമീപം രാത്രി 8.30 ഓടെയാണ് അക്രമം നടന്നത്. ചില അക്രമികൾ കല്ലുകളും കുപ്പികളും ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായാണ് വിവരം . ഈ ആക്രമണത്തിനിടെയണ് എസിപി ഭഗത്തിന് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ ആർഎംഎൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

