പാസഞ്ചർ ട്രെയിനുകളിൽ മുതൽ വന്ദേഭാരതിൽ വരെ നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടാകാം . എന്നാൽ ലക്ഷക്കണക്കിന് പണം ചിലവാക്കി നടത്തുന്ന ട്രെയിൻ യാത്രയെ പറ്റി കേട്ടിട്ടുണ്ടോ? ഇതിൽ യാത്ര ചെയ്യുന്നവരെ രാജാക്കന്മാരെ പോലെയാണ് പലപ്പോഴും പരിഗണിക്കുന്നത് . അതാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിൻ ആയ മഹാരാജ എക്സ്പ്രസ് .
2010 ൽ ആരംഭിച്ച മഹാരാജ എക്സ്പ്രസ് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ അനുഭൂതിയാണ് സമ്മാനിക്കുക. ട്രെയിന്റെ അകത്തളങ്ങൾ കൊട്ടാരങ്ങൾക്ക് തുല്യമാണ്.
ഡീലക്സ് ക്യാബിനുകൾ മുതൽ അതിഗംഭീരമായ പ്രസിഡൻഷ്യൽ സ്യൂട്ടുകൾ വരെ ഇതിലുണ്ട് . ലൈവ് ടിവി , മിനി ബാറുകൾ, എസി, ആഡംബര ബാത്ത്റൂമുകൾ എന്നിവയുൾപ്പെടെ ലോകോത്തര സൗകര്യങ്ങളാണ് ഇതിൽ സജ്ജമാക്കിയിട്ടുള്ളത് .ഓരോ സ്യൂട്ടും രാജകീയ അനുഭവം പ്രദാനം ചെയ്യും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് .
എട്ട് ദിവസത്തെ യാത്ര ഡൽഹിയിൽ നിന്ന് ആഗ്ര , രൺ തംബോർ , ജയ്പൂർ, ബിക്കനീർ, ജോധ്പൂർ, ഉദയ്പൂർ എന്നിവിടങ്ങൾ വഴി മുംബൈയിൽ അവസാനിക്കും . നാലു റൂട്ടുകളിലാണ് മഹാരാജ എക്സ്പ്രസ് സഞ്ചരിക്കുക.ട്രെയിൻ നിരക്കാകട്ടെ റൂട്ടും , ക്ലാസുമനുസരിച്ച് വ്യത്യാസപ്പെടുന്നു. ഡൽഹി-ആഗ്ര-രൺ തംബോർ-ജയ്പൂർ- ഡൽഹി റൂട്ടിൽ ഡീലക്സ് ക്യാബിന് ഏകദേശം നിരക്ക് ₹4,13,210 ആണ്. അതേ റൂട്ടിലുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിന് നിരക്ക് ₹11,44,980 വരെ എത്താം. ഡൽഹി- ജയ്പൂർ- രൺ തംബോർ- ഫത്തേപൂർസിക്രി- ആഗ്ര- ഖജുരാഹോ- വാരണാസി- ഡൽഹി റൂട്ടുകളിൽ, പ്രസിഡൻഷ്യൽ സ്യൂട്ടിന് 21,03,210 രൂപ വരെ നിരക്ക് കൂടും.